ന്യൂഡെല്‍ഹി: (www.kvartha.com 26.10.2021) രാജ്യത്തെ 13 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍കാര്‍ തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ, കേന്ദ്രസര്‍കാരിന് കൈമാറി.
നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളുമായി ചേര്‍ത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, റായ്പൂര്‍, ഇന്‍ഡോര്‍, ട്രിചി തുടങ്ങിയ വിമാനത്താവളങ്ങള്‍ പുതുതായി കൈമാറുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ ചുമതല കൈമാറിയതിന് സമാനമായി അടുത്ത 50 വര്‍ഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് ഇനിയുള്ള വിമാനത്താവളങ്ങളും കൈമാറുക. തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപിനാണ് ലഭിച്ചത്.
അതേസമയം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍കാര്‍ ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ കേന്ദ്രത്തിന് എയര്‍പോര്‍ട് അതോറിറ്റി കൈമാറിയിരിക്കുന്ന 13 വിമാനത്താവളങ്ങള്‍ അടക്കമാണിത്.