ഉദ്ഘാടനത്തിന് മുന്‍പ് പാലം തകര്‍ന്നുവീണു; എന്‍ജിനീയര്‍മാരടക്കം 3 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്
Oct 29, 2021, 12:27 IST
ശ്രീകണ്ഠപുരം: (www.kvartha.com 29.10.2021) ഉദ്ഘാടനത്തിന് മുന്‍പ് പാലം തകര്‍ന്ന സംഭവത്തില്‍ കരാറുകാരനും എന്‍ജിനീയര്‍മാരുമടക്കം മൂന്ന് പേര്‍ക്കെതിരെ വിജിലന്‍സ് കേസ്. കരാറുകാരന് ഏരുവേശ്ശി ചെമ്പേരിയിലെ ബേബി ജോസ്, ഇരിക്കൂര്‍ ബ്ലോക് പഞ്ചായത്ത് അസി. എക്സി. എന്‍ജിനീയര്‍ ബാബുരാജ് കൊയിലേരിയന്‍, അസി. എന്‍ജിനീയര്‍ കെ വി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇരിക്കൂര്‍ ബ്ലോക് പഞ്ചായത്തിന് കീഴില്‍ ഉളിക്കല്‍ പഞ്ചായത്തിലെ നുച്ചിയാട് -കോടാപറമ്പില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് നടപ്പാലമാണ് തകര്‍ന്നത്. കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്. വിജിലന്‍സ് സി ഐ പി ആര് മനോജിനാണ് അന്വേഷണച്ചുമതല. വന്‍ അഴിമതി നടന്നതായി കണ്ടെത്തിയതിനാല്‍ എന്‍ജിനീയര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടിയും കരാറുകാരനെതിരെ മറ്റ് നടപടികളുമാണുണ്ടാവുക.
എ കെ ആന്റണി എം പിയുടെ ആസ്തി വികസന തുകയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് പാലം നിര്‍മിച്ചത്. പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുന്നതിന് മുന്‍പ് 2019 ആഗസ്റ്റിലാണ് പാലത്തിന്റെ ഒരു ഭാഗം പുഴയിലേക്ക് അടര്‍ന്ന് വീണത്. കാലവര്‍ഷത്തില്‍ തകര്‍ന്നുവെന്നാണ് ആദ്യം പറഞ്ഞതെങ്കിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തുവരികയായിരുന്നു. അതിനിടെ പരിക്കളം സ്വദേശി വി കെ രാജന് വിജിലന്‍സിനും മുഖ്യമന്ത്രിക്കും ഉള്‍പെടെ പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമായത്. തുടര്‍ന്നാണ് രണ്ടു വര്‍ഷത്തിന് ശേഷം കേസെടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.