ഇറാഖിലെ പ്രിയ എഴുത്തുകാരി വഫാ അബ്ദുർ റസാഖിന്റെ കഥകൾ മലയാളത്തിലേക്ക്; ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹിയുടെ 'നക്ഷത്രങ്ങൾ പെയ്തിറങ്ങുന്ന രാവ്' ശാർജ പുസ്‌തകമേളയിൽ പുറത്തിറങ്ങും

 


ദുബൈ: (www.kvartha.com 24.10.2021) ഇറാഖിലെ പ്രശസ്ത കവിയും കഥകാരിയും നോവലിസ്റ്റുമായ വഫാ അബ്ദുർ റസാഖിന്റെ തെരഞ്ഞെടുത്ത കഥാസമാഹാരങ്ങളുടെ മലയാള വിവർത്തനം ശാർജ പുസ്‌തകമേളയിൽ പുറത്തിറങ്ങും. വളവന്നൂർ അൻസാർ അറബിക് കോളജ് അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹിയാണ് 'നക്ഷത്രങ്ങൾ പെയ്തിറങ്ങുന്ന രാവ്' എന്ന പേരിൽ മലയാള വിവർത്തനം തയ്യാറാക്കിയിരുക്കുന്നത്.

അറബി, മലയാളം ഭാഷകളിൽ 14 പുസ്തകങ്ങൾ അബ്ദുൽ മജീദ് സ്വലാഹിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. യമൻ കഥകളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അൻസാർ റിസർച് സെന്ററിൽ ഗവേഷക ഗൈഡ് കൂടിയാണ് അദ്ദേഹം. നിരവധി ദേശീയ, അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കുകയും അന്താരാഷ്ട്ര ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാഖിലെ പ്രിയ എഴുത്തുകാരി വഫാ അബ്ദുർ റസാഖിന്റെ കഥകൾ മലയാളത്തിലേക്ക്; ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹിയുടെ 'നക്ഷത്രങ്ങൾ പെയ്തിറങ്ങുന്ന രാവ്' ശാർജ പുസ്‌തകമേളയിൽ പുറത്തിറങ്ങും

വഫാ അബ്ദുറസാഖിന്റെ രചനകൾ ആദ്യമായിട്ടാണ് മലയാളത്തിൽ വെളിച്ചം കാണുന്നത്. ജനപ്രിയസാഹിത്യങ്ങളിൽ ഒരു പോലെ ഇടപെടാൻ കഴിയുന്നുവെന്നതാണ് വഫയെ അറബ് ലോകത്ത്
വേറിട്ടുനിർത്തുന്നത്. ജീവകാരുണ്യ സാമൂഹികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് വഫാ. നിരവധി പുരസ്‌കാരങ്ങൾ അവർക്ക് ലഭിച്ചിട്ടുണ്ട്. മികച്ച വനിതകൾക്കുള്ള ഓസ്കാർ പുരസ്കാരവും നേടിയിട്ടുണ്ട്.
അറബി സാഹിത്യ ഭാഷയിൽ പതിനാലും ഇറാഖി സംസാര ഭാഷയിൽ പതിനൊന്നും കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

വഫയുടെ കഥകൾ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനകൾ നിറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യജീവിതത്തെ വരിഞ്ഞു മുറുക്കുന്ന തിന്മകളെ വരച്ചിടുന്ന ഇവർ നൊബേൽ സമ്മാനത്തിന് വരെ നിർദേശിക്കപ്പെട്ടിട്ടുണ്ട്. യുദ്ധവും ആഭ്യന്തരകലഹവും ഗോത്രസംഘർഷങ്ങളും മാനവസമൂഹത്തിനുണ്ടാക്കുന്ന ദുരന്തം വഫയുടെ രചനകളിൽ തെളിഞ്ഞു കാണുന്നുണ്ട്. ഇറാഖിലെ ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും എളിമയും വഫയുടെ കഥകളിൽ കാണാം. യൂഫ്രടീസിന്റെയും ടൈഗ്രീസിന്റെയും തെളിമയും ഇറാഖി മണ്ണിന്റെ മണവും ആസ്വദിക്കാൻ കഴിയുന്ന വഫയുടെ രചനകൾ കാലങ്ങളെ അതിജീവിക്കാൻ കരുത്തുള്ളതാണ്. കോഴിക്കോട്ടെ ലിപിയാണ് ഇറാഖി കഥകളുടെ മലയാള വിവർത്തനം പുറത്തിറക്കിയിരിക്കുന്നത്.

Keywords:  Dubai, News, Gulf, Book, Release, Launch, Arabic, Malayalam, Sharjah, Book of Dr. Abdul Majeed Salahi will be released at Sharjah Book Fair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia