മുംബൈ: (www.kvartha.com 28.10.2021) ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ശാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് വെള്ളിയാഴ്ച പുറത്തിറങ്ങാനായില്ല. ഒരു ദിവസം കൂടി ആര്യന്‍ ആര്‍തര്‍ ജയിലില്‍ കഴിയേണ്ടി വരും. ആര്യന്‍ ശനിയാഴ്ച ജയില്‍ മോചിതനായേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവു ജയിലിലെത്തിക്കാന്‍ വൈകിയതാണു കാരണം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യന്‍ ഖാനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്.
കഴിഞ്ഞദിവസം ആറുമണിയോടെ നിബന്ധനകളോടെ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടന്‍തന്നെ ഉത്തരവുമായി ആര്യന്‍ഖാന്റെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. വിചാരണക്കോടതിയില്‍ എത്തി ജാമ്യ ബോന്‍ഡില്‍ ഒപ്പുവച്ചതു നടിയും ശാറൂഖ് ഖാന്റെ ഉറ്റസുഹൃത്തുമായ ജൂഹി ചൗലയാണ്. എന്നാല്‍ മോചന ഉത്തരവ് അഞ്ചരയ്ക്ക് മുന്‍പ് ആര്‍തര്‍ റോഡ് ജയിലിലെത്തിക്കാനായില്ല. ഇതോടെ ജയില്‍മോചിതനാകാമെന്ന ആര്യന്‍ ഖാന്റെ മോഹം പൊലിഞ്ഞു.
ആര്യനെ സ്വീകരിക്കാന്‍ ശാറൂഖ് ഖാന്‍ നേരിട്ടു ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും, വസതിയായ മന്നത്തിന് മുന്നിലും ശാറൂഖിന്റെ നൂറുകണക്കിന് ആരാധകരും തടിച്ച് കൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസില്‍ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കരുത് തുടങ്ങിയവയാണു ജാമ്യവ്യവസ്ഥകള്‍.
Keywords: Aryan Khan's Release Delayed as Jail's Deadline Missed; Juhi Chawla 'Relieved', Mumbai, News, Bollywood, Actor, Cinema, National.