തിരുവനന്തപുരം: (www.kvartha.com 24.10.2021) അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രടെറി എസ് ഷിജുഖാനെ വനിതാശിശുവികസന ഡയറക്ടര്‍ ടി വി അനുപമ വിളിച്ചുവരുത്തി റിപോര്‍ട് തേടി. ശിശുക്ഷേമ സമിതിയോട് രണ്ടു ദിവസത്തിനകം റിപോര്‍ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഷിജുഖാനെ വിളിച്ചുവരുത്തിയത്. എന്നാല്‍ തന്നെ വിളിപ്പിച്ചത് ഔദ്യോഗിക നടപടിക്രമം അനുസരിച്ചാണെന്നും ചോദിച്ച കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞെന്നും ഡയറക്ടറെ കണ്ടു മടങ്ങവെ ഷിജുഖാന്‍ പറഞ്ഞു. അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ ദത്തു നല്‍കിയത് നിയമപ്രകാരമാണ്. നിയമപ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് വിശദമായി പ്രതികരിക്കുമെന്നും ഷിജുഖാന്‍ പറഞ്ഞു.
കേസില്‍ അന്വേഷണം നടത്താന്‍ വനിതാശിശുവികസന ഡയറക്ടറെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. പ്രാഥമിക നിഗമനത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടായെന്നായിരുന്നു ഡയറക്ടറുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിജുഖാനെ വിളിച്ചുവരുത്തിയത്.
കുഞ്ഞിനെ ദത്തുനല്‍കുന്നതിന് ശിശുക്ഷേമസമിതിയും കൂട്ടുനിന്നുവെന്ന് അമ്മ അനുപമ എസ് ചന്ദ്രന്‍ ആരോപിച്ചിരുന്നു. നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും, പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ജനറല്‍ സെക്രടെറി ഷിജുഖാന്‍ പറയുന്നതെന്നുമായിരുന്നു അനുപമയുടെ ആരോപണം.
കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം അനുപമ സെക്രടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് വിഷയത്തില്‍ സര്‍കാര്‍ ഇടപെടുകയും കുഞ്ഞിന്റെ ദത്ത് നടപടി റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തത്.
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസ്; ശിശുക്ഷേമ സമിതി ജനറല്‍ സെക്രടെറി എസ് ഷിജുഖാനെ വിളിച്ചുവരുത്തി റിപോര്‍ട് തേടി
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,
Thiruvananthapuram,News,Trending,Child,Missing,Kerala,