തൃശ്ശൂര്‍: (www.kvartha.com 24.09.2021) കാമുകി ഉപേക്ഷിച്ച് പോയാല്‍ ആസിഡ് ഒഴിച്ചും കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ചും ആനന്ദം കാണുന്ന കാമുകന്മാരില്‍ നിന്നും വ്യത്യസ്തമാവുകയാണ് തൃശ്ശൂരിലെ ഈ യുവാവ്. കാമുകി ഉപേക്ഷിച്ചുപോയതില്‍ മനംനൊന്താണ് 666 ബലൂണുകള്‍ ഊതിവീര്‍പിച്ച് യുവാവ് റോഡരികില്‍ കെട്ടിത്തൂക്കിയത്. കാമുകി ഉപേക്ഷിച്ചതിന്റെ 666-ാം ദിവസത്തിലാണ് യുവാവ് സങ്കടം തീര്‍ത്തത്.
തൃശ്ശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലാണ് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിയ സംഭവം. കഴിഞ്ഞ ദിവസം ബലൂണ്‍ പാകെറ്റുമായെത്തിയ യുവാവ് പോസ്റ്റിലും മരത്തിലും കയര്‍ വലിച്ചുകെട്ടി ബലൂണുകള്‍ വീര്‍പിച്ച് തൂക്കാന്‍ തുടങ്ങി. കാരണം അന്വേഷിച്ചവരോട് കാമുകി ബ്രേക് അപ് ആയി പോയിട്ട് 666 ദിവസമായെന്നും ഇത്രയും നാള്‍ കാത്തിരുന്നതിന്റെ ഓര്‍മക്കായിട്ടാണ് ബലൂണുകള്‍ വീര്‍പിക്കുന്നതെന്നുമായിരുന്നു മറുപടി. 'പോയ കിടാവ് സന്തോഷത്തോടെയിരിക്കട്ടെ'യെന്നും നല്ലത് വരട്ടെയന്നും യുവാവ് പറഞ്ഞു.
ചുവന്ന ബലൂണുകളാണ് വീര്‍പിച്ച് തൂക്കിയത്. മണിക്കൂറുകള്‍ സമയമെടുത്താണ് ഇത്രയും ബലൂണുകള്‍ ഊതി വീര്‍പിച്ചത്. അവശനായെങ്കിലും യുവാവ് കൃത്യം നിര്‍ത്തിയില്ല. ചോദിച്ചവരോടൊക്കെ തന്റെ തകര്‍ന്ന പ്രണയകഥയും പറഞ്ഞു.