അടൂര്‍: (www.kvartha.com 23.09.2021) ഭര്‍ത്താവ് മരിച്ചത് അറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസത്തോളമെന്ന് അയല്‍വാസികള്‍. അടൂരിലാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം. 76 കാരനായ പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപോസ് ചെറിയാനാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചത്. കഴിഞ്ഞ ദിവസം അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോന്‍സ പറയുകയായിരുന്നു.
തുടര്‍ന്ന് അയല്‍വാസികളാണ് വിവരം പുനലൂരിലുള്ള ഇവരുടെ മകളെ അറിയിക്കുന്നത്. മകളുടെ നിര്‍ദേശമനുസരിച്ച് ഫിലിപോസിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി എത്തുമ്പോഴാണ് ഗൃഹനാഥന്‍ മരിച്ച വിവരം അറിയുന്നത്.
മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഫിലിപോസും ഭാര്യ അല്‍ഫോന്‍സയും മാത്രമായിരുന്നു വീട്ടില്‍ താമസമുണ്ടായിരുന്നത്. അതേസമയം, അല്‍ഫോന്‍സ പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഫിലിപോസിന്റെ മരണകാരണം വ്യക്തമല്ല. മക്കള്‍ സജി സാം, ഷീജ.