തിരുവനന്തപുരം: (www.kvartha.com 23.09.2021) നിയന്ത്രണം തെറ്റിയ മാലിന്യ ടാങ്കെര്‍ മറിഞ്ഞ് അപകടം. തൊഴുക്കല്‍ ഊറ്റുമുക്ക് റോഡില്‍ വെളുപ്പിനാണ് സംഭവം. മരിയാപുരം സ്വദേശികളായ രജനികാന്ത്(24) ജിത്തു(23) അനില്‍(21) എന്നിവര്‍ക്ക് അപകടത്തില്‍ നിസാര പരിക്ക് പറ്റി.
നിയന്ത്രണം തെറ്റിയ ടാങ്കെര്‍ റോഡിന് സമീപത്തെ മതില്‍ തകര്‍ത്താണ് മറിഞ്ഞുവീണത്. സംഭവസ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും ഓടികൂടിയ നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്.
ഡ്രൈവര്‍ രജനികാന്ത് അപകടത്തെ തുടര്‍ന്ന് ഏറെനേരം വാഹനത്തില്‍ കുടുങ്ങി. വാഹനത്തിന്റെ ക്ലച് പെഡലിനും, സ്റ്റിയറിംങ്ങ് ബോക്‌സിനും, ക്യാബിനും, സീറ്റിനും ഇടയില്‍ രണ്ട് കാലുകളും അകപ്പെട്ട ഡ്രൈവര്‍ രജനികാന്തിനെ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെത്തിച്ചത്. ഹൈഡ്രോളിക് കടെര്‍, ക്രോബാര്‍, റോപ് എന്നിവ ഉപയോഗിച്ച് രജനികാന്തിനെ ഫയര്‍ഫോഴ്സ് കൂടുതല്‍ പരിക്കേല്‍ക്കാതെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു.
നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ വിനു ജസ്റ്റിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ അനീഷ്, പ്രശോഭ്, ധനേഷ്, അനി, ഷിബുകുമാര്‍ ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ ചന്ദ്രന്‍, സുജന്‍, ഹോം ഗാര്‍ഡ് രാധാകൃഷ്ണന്‍, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.