ക്യാംപസുകളില്‍ വാക്സിനേഷന്‍ ക്യാംപുകള്‍ ആരംഭിക്കും; ലക്ഷ്യം സെപ്റ്റംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കല്‍

 


തിരുവനന്തപുരം: (www.kvartha.com 09.09.2021) ക്യാംപസുകളില്‍ വാക്സിനേഷന്‍ ക്യാംപുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലക്ഷ്യം സെപ്റ്റംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കുക എന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കോളജ് വിദ്യാര്‍ഥികളുടെ വാക്സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു.

ക്യാംപസുകളില്‍ വാക്സിനേഷന്‍ ക്യാംപുകള്‍ ആരംഭിക്കും; ലക്ഷ്യം സെപ്റ്റംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കല്‍

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്സിന്‍ എടുക്കാത്ത അധ്യാപകരുള്‍പെടെയുള്ളവരുടെ കണക്കെടുക്കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ 77 ശതമാനത്തിലധികം പേര്‍ ആദ്യഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ സംപര്‍കപ്പട്ടികയിലുള്ള ഏഴു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്ടെ മെഡികെല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണിത്. വ്യാഴാഴ്ച രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ സംപര്‍കപ്പട്ടികയിലുള്ള 274 പേരാണുള്ളത്. അതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്.

മറ്റ് ജില്ലകളിലുള്ളവര്‍ 47 പേരാണ്. സംപര്‍കപ്പട്ടികയിലുള്ള ഏഴു പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. അതില്‍ ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ മരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തി. ഈ കാലഘട്ടത്തില്‍ അസ്വാഭാവികമായ പനി, അസ്വാഭാവികമായ മരണങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കൂടിയാണ് ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയത്. നിലവില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോ, ഈ കേസുമായി ബന്ധമുണ്ടോ, മുമ്പ് സമാനമായ ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാനും ശ്രമിച്ചു.

അസ്വാഭാവികമായ പനിയോ അസ്വാഭാവികമായ മരണങ്ങളോ ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് നല്ല സൂചനയാണ്. ഈ പ്രദേശങ്ങളില്‍ പനി പോലുള്ള ലക്ഷണങ്ങളുള്ള 89 പേരുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. അവര്‍ക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. ഇതിനായി രണ്ട് മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയിട്ടുള്ളത്. കോവിഡും നിപയും പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാംപിളുകള്‍ ഇവരില്‍ നിന്നും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ കേന്ദ്രസംഘവും സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Keywords:  Vaccination camps will be started on campuses, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia