ലക്‌നൗ: (www.kvartha.com 15.09.2021) അയല്‍വാസിയെ മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. അയല്‍വാസി സച്ചിന്‍ദേവിന്റെ പരാതിയില്‍ ബല്ല്യ ജില്ലയിലെ ആശിഷ് ജോണ്‍(40) ആണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് തന്നെ ആശിഷ് ജോണ്‍ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതെന്ന് അയല്‍വാസി സച്ചിന്‍ദേവ് പരാതിയില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. തന്നെ നിരന്തരം തലവേദന അലട്ടാറുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് മദ്യം നല്‍കിയെന്നും അത് ഫലിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അസുഖം മാറാന്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് അയല്‍വാസിയുടെ പരാതി.
ക്രിസ്തുമതം സ്വീകരിച്ചാല്‍ കച്ചവടം തുടങ്ങാന്‍ 12,000 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ജോണ്‍ ചില പുസ്തകങ്ങള്‍ നല്‍കിയെന്നും പരാതിക്കാരന്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തലവേദനയെപ്പറ്റി പറഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ പള്ളിയിലേക്ക് കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.
2020 ലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ 3, 5 സെക്ഷനുകള്‍ പ്രകാരമാണ് ആശിഷ് ജോണിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പരാതി നല്‍കിയതിന് പിന്നാലെ വിഷയമറിഞ്ഞ നിരവധി ഹിന്ദു സംഘടനകള്‍ കടുത്ത നടപടി ആവശ്യപ്പെട്ട് പന്‍വാഡി പൊലീസ് സ്റ്റേഷന് പുറത്ത് സമരം നടത്തി.