ലോസ് ആഞ്ചല്‍സ്: (www.kvartha.com 18.09.2021) വനിതാ സുഹൃത്തിന്റെ കൊലപാതക കേസില്‍ അമേരികയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ റോബര്‍ട് ഡസ്റ്റ് (76) കുറ്റക്കാരനെന്ന് കോടതി വിധി. 21 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി വന്നിരിക്കുന്നത്. 2000ത്തില്‍ സുഹൃത്തായിരുന്ന സൂസന്‍ ബെര്‍മാനെ അവരുടെ ബെവര്‍ലി ഹില്‍സിലെ വസതിയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. ഒക്ടോബര്‍ 18ന് ശിക്ഷ വിധിക്കും.
സൂസന്‍ ബെര്‍മന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. റോബര്‍ട് ഡസ്റ്റിനെക്കുറിച്ച് എച് ബി ഒ നിര്‍മിച്ച 'ദ ജിന്‍ക്സ്: ദ ലൈഫ് ആന്‍ഡ് ഡെത്സ് ഓഫ് റോബര്‍ട് ഡസ്റ്റ്' എന്ന ഡോക്യുമെന്ററിയുടെ അവസാന എപിസോഡ് സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. ഡോക്യുമെന്ററിയില്‍ ഡസ്റ്റ് കുറ്റം സമ്മതിച്ച് പിറുപിറുക്കുന്നത് വ്യക്തമായി കേട്ടിരുന്നു. എന്നാല്‍ മൈക്രോഫോണ്‍ ഓണ്‍ ആണെന്നറിയാതെയായിരുന്നു ഡസ്റ്റ് കുറ്റം സമ്മതിച്ച് പിറുപിറുത്തത്.
ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് അടുത്ത സുഹൃത്തായ സൂസന്‍ ബെര്‍മനെ ഇയാള്‍ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. 1980ലാണ് മുമ്പാണ് റോബര്‍ട്ട് ഡസ്റ്റിന്റെ ഭാര്യ കാതലീനെ കാണാതായത്. ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഡസ്റ്റിനെ ചേര്‍ത്തിരുന്നില്ല.
ഭാര്യയുടെ തിരോധാനത്തിന് ശേഷം ന്യൂയോര്‍കിലെ കോടീശ്വരന്മാരില്‍ ഒരാളായ ഡസ്റ്റിന്റെ വക്താവായി ബെര്‍മന്‍ ജോലി നോക്കിയിരുന്നു. അതിനാല്‍ ഡസ്റ്റിന്റെ ഭാര്യയുടെ തിരോധാന സംഭവങ്ങളെക്കുറിച്ച് ബെര്‍മന്‍ പുറത്തുപറയാതിരിക്കാനാണ് കൊലപാതകമെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു.
ടെക്സാസിലെ അദ്ദേഹത്തിന്റെ അയല്‍ക്കാരനായിരുന്ന മോറിസ് ബ്ലാകിന്റെ കൊലപാതകത്തിന് പിന്നിലും ഡസ്റ്റായിരുന്നു. എന്നാല്‍, സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കൊലപാതകമെന്നതിനാല്‍ ഈ കേസില്‍ ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു.