എറണാകുളം: (www.kvartha.com 18.09.2021) കോലഞ്ചേരി മൃഗാശുപത്രിക്കുമുന്നില്‍ വ്യത്യസ്ത സമര നീക്കവുമായി കര്‍ഷകര്‍. വീട്ടിലെ ആടുകളെ അജ്ഞാത ജീവി കൊല്ലുന്നുവെന്നും ഇതിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരത്തിന് മുന്നിട്ടിറങ്ങിയത്. കോലഞ്ചേരി മൃഗാശുപത്രിക്കുമുന്നില്‍ വലയില്‍ കുരുങ്ങികിടന്നാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
2 മാസത്തിനിടെ 20തിലധികം ആടുകളാണ് അജ്ഞാത ജീവിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. പൂത്തൃക്ക, ഐക്കരനാട് എന്നീ പഞ്ചായത്തുകളിലാണ് കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്. ചെവി മുറിച്ച് കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി രക്തം ഊറ്റി കുടിക്കുന്ന ജീവിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. രാത്രിയിലാണ് അജ്ഞാത ജീവിയെത്തുന്നത്. ഇതോടെ 2 പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഇപ്പോള്‍ രാത്രിയില്‍ ഭീതിയിലാണ് കഴിയുന്നത്.
പലതവണ നാട്ടുകാര്‍ ഇടപെടലാവശ്യപ്പെട്ട് പോലീസ് വനം മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതോടെയാണ് വലയില്‍ കുരുങ്ങി പ്രതിഷേധം രേഖപ്പെടുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. അതേസമയം സംഭവത്തെകുറിച്ച് അന്വേഷിച്ചുവരുകയാണെന്നാണ് പോലീസ് വനം ഉദ്യോഗസ്ഥരുടെ വിശദീകരണം.
ജീവിയെ പിടികൂടാന്‍ പ്രദേശത്ത് വനം വകുപ്പ് ഇടപെട്ട് കൂടുകള്‍ സ്ഥാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപെടുന്നുണ്ട് ഇതോടോപ്പം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്. ഇല്ലെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇവരുടെ തീരുമാനം.