വിശാഖപട്ടണം: (www.kvartha.com 20.09.2021) ജീവിതത്തിലെ മറക്കാന്‍ ആഗ്രഹിച്ച ദുരന്തത്തില്‍ നീറി കഴിഞ്ഞ ദമ്പതികളെ തേടിയെത്തിയത് ഇരട്ടിമധുരം. ആന്ധ്ര സ്വദേശികളായ അപ്പാല രാജുവും ഭാര്യ ഭാഗ്യലക്ഷ്മിയും സെപ്തംബര്‍ 15 എന്ന ദിനം ജീവിതത്തില്‍ ഏറെ വെറുക്കുന്നതാണ്. കാരണം അന്നാണ് അവര്‍ക്ക് അവരുടെ ഇരട്ട പെണ്‍കുട്ടികളെ നഷ്ടപ്പെട്ടത്.
വിശാഖപട്ടണത്തില്‍ ഒരു ഗ്ലാസ് നിര്‍മാണ തൊഴിലാളിയാണ് അപ്പാല രാജു. തെലങ്കാനയിലെ ഒരു ക്ഷേത്ര ദര്‍ശനത്തിന് ശേഷം 2019 ല്‍ അപ്പാല രാജുവിന്റെ മാതാവിനൊപ്പം ബോടില്‍ യാത്ര ചെയ്യവെയാണ് അപകടത്തില്‍ ഇരട്ടമക്കള്‍ മരണപ്പെട്ടത്. അന്ന് അപ്പാല രാജുവിന്റെ മാതാവും അപകടത്തില്‍ മരിച്ചിരുന്നു.
ഗോദാവരി നദിയില്‍ ഉണ്ടായ ബോട് അപകടത്തില്‍ മക്കളും മാതാവും നഷ്ടമായതോടെ താങ്ങാനാവാത്ത ദുഃഖത്തില്‍ ഈ ദമ്പതികള്‍ കൂടുതല്‍ വിഷാദത്തില്‍ ആഴ്ന്നു. എന്നാല്‍ കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ക്ക് സെപ്തംബര്‍ 15 എന്ന ദിവസം വീണ്ടും സന്തോഷം കൊണ്ടുകൊടുത്തു. ഐ വി എഫ് ചികില്‍സയിലൂടെ ഭാഗ്യലക്ഷ്മി ഗര്‍ഭിണിയായി. വീണ്ടും ഈ ദമ്പതികള്‍ക്ക് ഇരട്ടകുട്ടികള്‍ ജനിച്ചു. അതും രണ്ട് പെണ്‍കുട്ടികള്‍. 1.9, 1.6 കിലോ തൂക്കമുള്ള കുട്ടികള്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് അപ്പാല രാജു സന്തോഷത്തോടെ പറയുന്നു.