എറണാകുളം: (www.kvartha.com 20.09.2021) എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയതാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മഹിളാ മന്ദിരത്തിലെത്തി പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു.
പുലര്‍ച്ചെ മൂന്നുമണിക്കാണ് ഇവരെ കാണാതായത്. കാണാതായവരില്‍ ഒരാള്‍ ബംഗ്ലാദേശ് സ്വദേശിനിയാണ്. മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. രണ്ടാം നിലയിലെ കമ്പിയില്‍ സാരികെട്ടി അതിലൂടെയാണ് പുറത്തിറങ്ങിയത്. രണ്ടാം നിലയിലെ ഇരുമ്പ് വേലിയില്‍ സാരികെട്ടി ഭിത്തിയില്‍ ചവിട്ടി താഴെയെത്തിയ ശേഷം ഗെയിറ്റ് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നേരത്തെ കൊച്ചിയിലെ വസ്ത്ര നിര്‍മാണശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടികള്‍. ഇവിടെ നിന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ മഹിളാമന്ദിരത്തില്‍ എത്തിച്ചത്. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.