തിരുവനന്തപുരം: (www.kvartha.com 23.09.2021) പൊലീസ് ഓഫിസറുടെ വീട്ടില്‍നിന്ന് കള്ളന്‍ ഗ്യാസ് സിലിന്‍ഡെര്‍ മോഷ്ടിച്ചതായി പരാതി. വെള്ളനാട് സിഐയുടെ അടഞ്ഞു കിടന്ന വീട്ടിലാണ് മോഷണം. പൊഴിയൂര്‍ സി ഐ ബിനുകുമാറിന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. പരതി കഴിഞ്ഞ് കാര്യമായൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെ വീട്ടിലെ ഗ്യാസ് സിലിന്‍ഡെര്‍ പൊക്കിയെടുത്താണ് കള്ളന്‍ മുങ്ങിയതെന്ന് സിഐ പറയുന്നു.
ഇക്കഴിഞ്ഞ ദിവസം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് പ്രദേശവാസികളാണ് കണ്ടത്. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് ഓഫിസറെ അറിയിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആകെപ്പാടെ പതിനായിരം രൂപയില്‍ താഴെയുള്ള സാധനങ്ങളെ പോയിട്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആളില്ലാതെ അടഞ്ഞു കിടന്ന സിഐയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് കാര്യമായി വിലപിടിപ്പുള്ളത് ഒന്നും തടഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. ഒടുവില്‍ പഴയ റേഡിയോ ഒരെണ്ണം, പഴയ ടി വി ഒരെണ്ണം, വിളക് ഒരെണ്ണം, അലമാരയില്‍ വച്ചിരുന്ന നടരാജ വിഗ്രഹം, കാറിന്റെ താക്കോല്‍ ഒന്ന്, എന്നിവയാണ് മോഷ്ടാവിന് കിട്ടിയ സാധനങ്ങള്‍. ഇതൊന്നും പോരാതെ പോകുന്ന പോക്കില്‍ വീട്ടിലെ ഗ്യാസ് സിലിന്‍ഡെറും മോഷ്ടാവ് തൂക്കിയെടുത്തോണ്ട് പോയി.