ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 24.09.2021) നിർമിതിയിലെ സവിശേഷതകൾ കൊണ്ടുവരെ സന്ദർശകരിൽ കൗതുകം നിറച്ച് എക്സ്‌പോയിലെ ഇൻഡ്യൻ പവിലിയൻ. ഇൻഡ്യൻ സംസ്കൃതിയും പൈതൃകവും രാജ്യമിന്ന് ലോകത്തിനുമുന്നിൽ കാഴ്ചവെക്കുന്ന സാധ്യതകളുമെല്ലാം വിശദമാക്കുന്ന അവതരണങ്ങൾ ഇവിടെ അരങ്ങേറും.
ഗൾഫിലെ പ്രഥമ എക്സ്‌പോയിൽ നവംനവങ്ങളായ വൈവിധ്യക്കാഴ്ചകൾ തയ്യാറാക്കുന്നതിന്റെ ഔത്സുക്യത്തിലാണ് ഇൻഡ്യൻ പവിലിയന്റെ അണിയറപ്രവർത്തകർ വ്യാപൃതരായിട്ടുള്ളത്. അവസാനഘട്ട മിനുക്കുപണികളുടെ വിശേഷങ്ങൾ അറിയാനെത്തിയ പ്രതിനിധിസംഘം പവിലിയനിലെ ലൈറ്റ് ഷോയടക്കം കണ്ടാണ് മടങ്ങിയത്.
ഇൻഡ്യക്ക് ഒട്ടേറെ വാണിജ്യസാധ്യതകൾ തുറന്നിടുന്നതായിരിക്കും പവിലിയനിലെ പ്രവർത്തനങ്ങളെന്ന് യുഎഇ ഇൻഡ്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. സാംസ്കാരിക വൈവിധ്യങ്ങൾ മാത്രമല്ല, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളുടെ കൂടി പ്രതിഫലനമായിരിക്കും എക്സ്‌പോയിലെ അവതരണങ്ങൾ. സംസ്‌കൃതിയുടെ മാധുര്യം നുകർന്ന് വ്യാവസായിക സാധ്യതകൾ തേടാൻ ഇത് വഴി സാധിക്കും. 2019-20 കാലഘട്ടത്തിലെ യുഎഇ ഇൻഡ്യ വാണിജ്യ ഇടപാടുകൾ 59 ബില്യൺ യു എസ് ഡോളറിലെത്തി നിൽക്കുകയാണ്.
കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം അതിൽ കുറവാണ് രേഖപ്പെടുത്തിയതെങ്കിലും വരുന്ന അഞ്ചുവർഷത്തിൽ ഇടപാട് 100 ബില്യൺ യുഎസ് ഡോളറെന്ന നേട്ടത്തിലേക്ക് എത്തിക്കാണുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പവിലിയന്റെ പുറം ചുവരിൽ തെളിഞ്ഞ വർണവെളിച്ചത്തിൽ ദൃശ്യമായ ഇൻഡ്യൻ നവോത്ഥാന മഹാരഥന്മാരുടെ ചിത്രങ്ങൾ മഹത്തായ ഒരു ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. പവിലിയൻ സന്ദർശനത്തിനെത്തിയവർക്ക് വേറിട്ട അനുഭവം പകരുന്നതായി അത്. രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് വേറിട്ട അവതരണങ്ങൾക്കുകൂടി പവിലിയൻ വേദിയാകും. പവിലിയന്റെ ചലിക്കുന്ന 600 പുറം ചുവരുകളുടെ മുകളിലാണ് വർണ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ 15 മിനിറ്റ് നീണ്ട അവതരണം നടന്നത്.
രാജ്യത്തിന്റെ ബഹിരാകാശ പര്യവേക്ഷണചരിത്രവും പ്രതീക്ഷകളും യോഗയുടെ ശാന്തതയുമെല്ലാം പവിലിയനുള്ളിലെ അനുഭവങ്ങളാകും. അബൂദബിയിൽ നിർമാണം പുരോഗമിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ മാതൃകയും കന്യാകുമാരി മുതൽ കശ്മീർവരെയുള്ള സ്ഥലങ്ങളിലെ സാംസ്കാരികവും ചരിത്രപരവുമായ പ്രത്യേകതകളുള്ള സ്ഥലങ്ങളുമെല്ലാം സന്ദർശകർക്ക് ഇവിടെ ദർശിക്കാനാകും. ഇൻഡ്യൻ പവിലിയനിലേക്കുള്ള ഓരോ യാത്രയും ഓരോ അവാച്യമായ അനുഭവങ്ങളാകും സമ്മാനിക്കുക.
Keywords: Gulf, News, Dubai, India, Top-Headlines, Report by Qasim Udumbumthala, The Indian pavilion at the Expo is full of visitors.
< !- START disable copy paste -->