സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിന്‍ സര്‍കാര്‍; മെഡികെല്‍ കോഴ്സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ മാര്‍കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി

 


ചെന്നൈ: (www.kvartha.com 13.09.2021) മെഡികെല്‍ കോഴ്സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ മാര്‍കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ പാസാക്കി തമിഴ്നാട് നിയമസഭ. പ്രതിപക്ഷ പാര്‍ടികളുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ഇതോടെ സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കമാണ് സ്റ്റാലിന്‍ സര്‍കാര്‍ നടത്തിയത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന വിശദീകരണവും സര്‍കാര്‍ നല്‍കി.

സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിന്‍ സര്‍കാര്‍; മെഡികെല്‍ കോഴ്സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ മാര്‍കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി

മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബിലിനെ എ ഐ എ ഡി എം കെ, പിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ പിന്തുണച്ചപ്പോള്‍ ബിലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി നിയമസഭായോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് മെഡികെല്‍ ബിരുദ കോഴ്സുകള്‍, ഡെന്റിസ്ട്രി, ഇന്‍ഡ്യന്‍ മെഡിസിന്‍, ഹോമിയോപതി എന്നീ കോഴ്സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. റിട്ട. ജഡ്ജി എ കെ രാജന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലൈയില്‍ സമര്‍പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്.

എംബിബിഎസ്, ഉന്നത മെഡികെല്‍ പഠനങ്ങള്‍ എന്നിവയിലെ സാമൂഹിക പ്രാതിനിധ്യത്തെ നീറ്റ് അട്ടിമറിച്ചുവെന്നും പിന്നോക്കം നില്‍ക്കുന്ന സാമൂഹികവിഭാഗങ്ങളുടെ പഠന സ്വപ്നങ്ങളെ നീറ്റ് സംവിധാനം തടയുന്നുവെന്നും എ കെ രാജന്‍ കമിറ്റി റിപോര്‍ട് ചെയ്തതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. നീറ്റിനെതിരെ സംസ്ഥാനത്തിന്റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്‍ അവതരിപ്പിച്ച് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥി കൂടി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തതിനിടെയാണ് സ്റ്റാലിന്‍ സര്‍കാരിന്റെ നിര്‍ണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച ധനുഷ് എന്ന വിദ്യാര്‍ഥിയുടെ മരണവിവരമറിഞ്ഞ് അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിന്‍, വിദ്യാര്‍ഥികള്‍ പ്രതീക്ഷ കൈവിടരുതെന്നും നീറ്റിനെതിരെയുള്ള ബില്‍ നിയമസഭയില്‍ തിങ്കളാഴ്ച അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. നീറ്റ് പരീക്ഷമൂലം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം മനസിലാക്കാതെ കേന്ദ്ര സര്‍കാര്‍ പിടിവാശി കാണിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു.

Keywords:  Tamil Nadu Assembly passes Bill to scrap NEET in state, BJP stages walkout, Chennai, Education, Chief Minister, Students, Examination, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia