കൊച്ചി: (www.kvartha.com 19.09.2021) ചെറുകഥാകൃത്ത് ടി പത്മനാഭന്റെ പ്രശസ്തമായ ചെറുകഥയായ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു. 1952ല്‍ ആത്മകഥാംശങ്ങള്‍ ചേര്‍ത്ത് ടി പത്മനാഭന്‍ എഴുതിയ കഥയെ ജയരാജ് ആണ് സിനിമയാക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടിയും അവതാരികയുമായ
മീനാക്ഷി അനൂപാണ്. പുതുമുഖമായ ആല്‍വിന്‍ ആന്റണിയാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടിയിലെ നായകന്‍. കണ്ണൂരില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ടി പത്മാനാഭനെ സന്ദര്‍ശിച്ചു.
'പഠനത്തിനായി മദ്രാസിലായിരുന്ന സമയത്താണ് വൈരക്കല്ല് മൂക്കുത്തിയണിഞ്ഞ് ദാവണിയുടുത്ത പെണ്‍കുട്ടിയെ ഞാന്‍ കാണുന്നത്. പുസ്തകക്കെട്ട് മാറോട് ചേര്‍ത്തു പിടിച്ച് അവള്‍ എന്നും എന്റെ മുറിക്ക് മുന്നിലൂടെ കടന്നുപോകും. അതാണ് പിന്നീട് കഥാപാത്രമായി മാറിയത്. ജയരാജ്, അഭിനയിക്കുന്ന കുട്ടിയായ മീനാക്ഷിയുടെ ഫോടോ അയച്ച് തന്നപ്പോള്‍ ശരിക്കും ഞെട്ടി, 70 കൊല്ലം മുന്‍പ് ഞാന്‍ കണ്ട അതേ പെണ്‍കുട്ടി'. ടി പത്മനാഭന്‍ പറഞ്ഞു.
മരണത്തിന്റെ മുമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണ് പ്രകാശം പരത്തുന്ന പെണ്‍കുട്ടി. അസ്വസ്ഥമായ മനസ്സോടെ പല നാടുകളിലൂടെ സഞ്ചരിച്ച് ഒരിടത്തും ഉറച്ചു നില്‍ക്കാത്ത ഒരാളാണ് കഥാനായകന്‍. സങ്കടങ്ങള്‍ക്കൊടുവില്‍ വിഷം കുടിച്ച് മരിക്കാനാഗ്രഹിച്ച കഥാനായകന്‍ വിഷ കുപ്പിയുമായി തിയറ്ററില്‍ പോയി സിനിമ കാണുകയും അപ്പോള്‍ അടുത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയും അവളുടെ അനുജനും അനുജത്തിയും തന്റെയടുത്തിരുന്ന് കഥാനായകന് ജീവിത സന്തോഷങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. സിനിമയ്ക്കിടയില്‍ ആ പെണ്‍കുട്ടി അനുജന്റെ പോകെറ്റില്‍ നിന്നൊരു ചോക്ലേറ്റെടുത്ത് കഥാനായകന് നല്‍കി. മരിക്കാന്‍ പോകുന്ന ഒരാള്‍ക്ക് അപരിചിതയായ ഒരു പെണ്‍കുട്ടി നല്‍കിയ മധുരം അയാള്‍ക്ക് ജീവിക്കാനുള്ള ചെറിയ ഒരു പ്രത്യാശ നല്‍കി അയാളുടെ ജീവിതത്തില്‍ പ്രകാശം പരത്തുകയാണ് ആ പെണ്‍കുട്ടി. ഇതാണ് പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന ചെറുകഥയുടെ സാരാംശം.