Follow KVARTHA on Google news Follow Us!
ad

എല്ലാം വളരെ പെട്ടെന്ന്; പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയാറല്ല; 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെ പി അനില്‍കുമാര്‍ സി പി എമില്‍ ചേര്‍ന്നു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Congress,CPM,Press meet,Kerala,
തിരുവനന്തപുരം: (www.kvartha.com 14.09.2021) എല്ലാം വളരെ പെട്ടെന്ന്. 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ച കെ പി അനില്‍കുമാര്‍ സി പി എമില്‍ ചേര്‍ന്നു. പരസ്യപ്രതികരണത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ കെ പി സി സി ജനറല്‍ സെക്രടെറി കെ പി അനില്‍കുമാര്‍ തിരുവനന്തപുരം പാളയത്തെ ഹോടെലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എ കെ ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താന്‍ സി പി എമിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Suspended Congress leader KP Anilkumar quits party, joins CPM, Thiruvananthapuram, News, Politics, Congress, CPM, Press meet, Kerala

രാജി പ്രഖ്യാപനത്തിന് പിന്നാലെ 12.10 ഓടെ എ കെ ജി സെന്ററിലെത്തിയാണ് അദ്ദേഹം പാര്‍ടി അഗത്വം സ്വീകരിച്ചത്. രാവിലെ 8.10ന് രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറി. തുടര്‍ന്ന് 11.30ഓടെ അനില്‍കുമാറിനെ പുറത്താക്കുന്നതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ടിയില്‍ നിന്ന് രാജിവെച്ച തന്നെ പുറത്താക്കാന്‍ നാണമാകില്ലേ എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.

8.10ന് രാജിവെച്ച തന്നെ എങ്ങനെ പുറത്താക്കും എന്ന് അനില്‍കുമാര്‍ ചോദിച്ചു. പാര്‍ടിക്കകത്ത് ഒരു കത്ത് നല്‍കിയാല്‍ അത് പരിശോധിക്കാന്‍ പോലും സമയമില്ല. ഇവരാണോ അച്ചടക്കം പറയുന്നതെന്നും അനില്‍കുമാര്‍ ചോദിച്ചു. തിരുവനന്തപുരത്ത് രാജി പ്രഖ്യാപനത്തിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍, പാര്‍ടിയില്‍ നിന്ന് പുറത്താക്കിയ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം.

'ഇത് നമ്മുടെ തെലുങ്ക് സിനിമ ബാഹുബലി പോലെയാണ്. മരിച്ചു കിടന്ന ബാഹുബലിയുടെ നെഞ്ചത്ത് കത്തി കയറ്റി, കൊല്ലുന്ന സീനില്ലേ, അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാവിലെ 8.10ന് ഞാനീ പാര്‍ടിയില്‍ നിന്ന് രാജിവെച്ചു. 11 മണിക്ക് മാധ്യമങ്ങളെ കാണുന്ന എന്നെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ നാണമാകില്ലേ ഇവര്‍ക്ക്. ഇതാണോ പാര്‍ടി. അന്നാപിന്നെ ആദ്യം എന്നെ പാര്‍ടിയിലേക്ക് എടുക്കട്ടെ' എന്നും അനില്‍കുമാര്‍ പരിഹസിച്ചു.

ഇതാണ് തന്നോടുള്ള വ്യക്തിപരമായ വിരോധമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ഒന്നും താളത്തിന് തുള്ളാന്‍ എനിക്ക് സാധിക്കാത്തതുകൊണ്ട്, കൊടുക്കല്‍ വാങ്ങല്‍ ഇടപാടിന് ഞാന്‍ ഇല്ലാത്തത് കൊണ്ട് എന്നെ പാര്‍ടിയില്‍ നിന്ന് പുറത്താക്കുക എന്ന നയം അവര്‍ക്കുണ്ടാകാം. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നില്ല. പൊതുപ്രവര്‍ത്തകനായി, മാന്യതയോടുകൂടി, അന്തസോടുകൂടി കേരളത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് വിട്ട് സി പി എമില്‍ ചേര്‍ന്ന പി എസ് പ്രശാന്തിനൊപ്പമാണ് അനില്‍കുമാര്‍ എ കെ ജി സെന്ററില്‍ എത്തിയത്. എ കെ ജി സെന്ററിലെത്തിയ അനില്‍കുമാറിനെ സി പി എം മുന്‍ സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.

'ആദ്യമായാണ് എ കെ ജി സെന്ററിന്റെ പടി ചവിട്ടുന്നത്. വലതുകാല്‍ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമുമായി സഹകരിക്കാന്‍ പോകുന്നത്. സിപിഎം ഉയര്‍ത്തുന്ന മതേതര മൂല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നുമാണ് അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ആയുസിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തിച്ച, വിയര്‍പ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തില്‍ നിന്ന് വിടപറയുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇന്നത്തോടുകൂടി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ പി സി സി സി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് മെയില്‍ വഴി അയച്ചുവെന്നും അനില്‍കുമാര്‍ പറഞ്ഞു.

പുതിയ നേതൃത്വം വന്നതിന് ശേഷം കോണ്‍ഗ്രസില്‍ ആളുകളെ നോക്കി നീതി നടപ്പാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പാര്‍ടിക്കുള്ളില്‍ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്, തന്റെ രക്തത്തിന് വേണ്ടി, തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന ആളുകളാണ് നേതൃത്വത്തില്‍ ഉള്ളതെന്നതുകൊണ്ട്, പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തത് കൊണ്ട് പാര്‍ടിയുമായി 43 വര്‍ഷമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.

2016ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നല്‍കാതെ അപമാനിച്ചു. ഒരു പരാതി പോലും പറഞ്ഞില്ല. അച്ചടക്കത്തോടെ പാര്‍ടി ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചത് കൊയിലാണ്ടിയില്‍ സീറ്റ് തരാതിരിക്കാനുള്ള അടവായിരുന്നുവെന്നും അനില്‍കുമാര്‍ ആരോപിച്ചു.

2021ലും സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പാര്‍ടി ചതിച്ചു. അഞ്ച് വര്‍ഷം നിശബ്ദനായിരുന്നു, അഞ്ച് വര്‍ഷവും ഒരു പരാതിയും പറയാതെ പ്രവര്‍ത്തിച്ചു. ഗ്രൂപില്ലാതെ പ്രവര്‍ത്തിച്ചതിനുള്ള തിക്തഫലമാണിത്. ഏഴയല്‍പക്കത്ത് പോലും സ്ഥാനം നല്‍കാതെ പാര്‍ടി തന്നെ ആദരിച്ചുവെന്ന് അനില്‍കുമാര്‍ പരിഹസിച്ചു.

കോണ്‍ഗ്രസില്‍ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ അനില്‍കുമാറിനെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാര്‍ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനില്‍കുമാര്‍ ആരോപിച്ചിരുന്നത്. ഇതില്‍ വിശദീകരണം ചോദിച്ചശേഷം അനില്‍കുമാര്‍ നല്‍കിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. ഇതോടെ പുറത്താക്കല്‍ നടപടിയുണ്ടായേക്കുമെന്ന സൂചനയ്ക്കിടെയാണ് രാജിപ്രഖ്യാപനം.

കെ എസ് യു കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രടെറിയായിരിക്കേയാണ് രാജി.

Keywords: Suspended Congress leader KP Anilkumar quits party, joins CPM, Thiruvananthapuram, News, Politics, Congress, CPM, Press meet, Kerala.

Post a Comment