'6 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായി'; തെരച്ചിലിനായി ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ അയച്ചതായി അധികൃതര്‍

 


 
മോസ്‌കോ: (www.kvartha.com 23.09.2021) യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായതായി റിപോര്‍ട്. ആറ് പേര്‍ യാത്ര ചെയ്ത ആന്റനോവ്-26 വിമാനമാണ് തെക്ക് കിഴക്ക് ഖബാറോസ്‌ക് പ്രദേശത്ത്‌വച്ച് കാണാതായതെന്ന് സര്‍കാര്‍ അറിയിച്ചു.  

ആശയ വിനിമയ ഉപകരണങ്ങളുടെ പരിശോധനക്കായി പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം ഖബറോവ്‌സ്‌ക് എയര്‍പോര്‍ടിന് 38 കിലോമീറ്റര്‍ അകലെവച്ച് നഷ്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. യന്ത്ര തകരാറോ മോശം കാലാവസ്ഥയോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.  

അപകടവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ തെരച്ചിലിനായി ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ അയച്ചതായി റഷ്യന്‍ അടിയന്തര മന്ത്രാലയം അറിയിച്ചു. ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് ഏജന്‍സിയുടെ എം ഐ-8 ഹെലികോപ്റ്റര്‍ തെരച്ചില്‍ ആരംഭിച്ചു.  മേഖലയില്‍ രക്ഷാദൗത്യത്തിനായി 70 അംഗ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചില്‍ വൈകിപ്പിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

'6 യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായി'; തെരച്ചിലിനായി ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ അയച്ചതായി അധികൃതര്‍


കഴിഞ്ഞ ജൂലൈ 16ന് 17 യാത്രക്കാരുമായി പറന്ന ആന്റനോവ്-28 വിമാനം തോംസിലെ സൈബീരിയന്‍ പ്രദേശത്ത്‌വച്ച് കാണാതായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ വിമാനം ഇടിച്ചിറക്കിയതായി കണ്ടെത്തി. 
ജൂലൈ മാസത്തില്‍തന്നെ കംചാത്ക നഗരത്തിന് അടുത്ത് വച്ച് എ എന്‍-26 വിമാനം തകര്‍ന്നുവീണ് 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.

1970-80 കാലത്ത് സോവിയറ്റ് യൂണിയന്‍ നിര്‍മിച്ച ചെറു യാത്രാവിമാനമായ ആന്റനോവ്-26, സിവിലിയന്‍ കാര്‍ഗോ, സൈനികര്‍, സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ കൈമാറ്റത്തിനായാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.     

Keywords:  News, World, International, Mosco, Russia, Air Plane, Flight, Missing, Plane with 6 people on board disappears from radar in Russia's Khabarovsk region
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia