ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സാധാരണ രോഗിയുടെ വേഷത്തിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Sep 20, 2021, 11:32 IST
ന്യൂഡെല്‍ഹി: (www.kvartha.com 20.09.2021) രോഗിയുടെ വേഷത്തിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സഫ്ദര്‍ജങ് ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് മന്ത്രി പറയുന്നു.
സഫ്ദര്‍ജങ് ആശുപത്രിയില്‍ ഓക്‌സിജെന്‍ പ്ലാന്റ് ഉള്‍പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ്, അതേ ആശുപത്രിയില്‍ വച്ച് നേരത്തെ തനിക്കുണ്ടായ അനുഭവം മന്ത്രി വെളിപ്പെടുത്തിയത്. ആശുപത്രി സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സാധാരണ രോഗിയുടെ വേഷത്തിലായിരുന്നു മന്ത്രി എത്തിയത്. ഗേറ്റില്‍വച്ച് സുരക്ഷാ ജീവനക്കാരന്‍ ഇടിച്ചതായും ബെന്‍ജില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ദുരിതമനുഭവിക്കുന്നത് നേരിട്ട് കണ്ടെന്നും സ്‌ട്രെചറും മറ്റു ചികിത്സാ സൗകര്യങ്ങളും കിട്ടാതെ ഒട്ടേറെ രോഗികള്‍ വലയുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹം വ്യക്തമാക്കുന്നു. മകന് സ്‌ട്രെചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന 75 വയസുകാരിയെ കണ്ടു. ഒരാള്‍ പോലും അവരുടെ സഹായത്തിനെത്തിയില്ല. തനിക്കുണ്ടായ അനുഭവവും ആശുപത്രിയില്‍ കണ്ട കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവച്ചതായും മന്ത്രി പറഞ്ഞു.
എന്നാല്‍ മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ പുറത്താക്കിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.