കോയമ്പത്തൂര്‍: (www.kvartha.com 24.09.2021) ഒരു വയസുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷ് മരിച്ച കേസിലാണ് ആര്‍എസ് പുരം അന്‍പകം വീഥിയില്‍ നാഗലക്ഷ്മി(54)യെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കുടുംബപ്രശ്‌നങ്ങള്‍ കാരണം നിത്യാനന്ദനുമായി പിരിഞ്ഞ ഭാര്യ നന്ദിനി ദുര്‍ഗേഷുമായി അമ്മ നാഗലക്ഷ്മിയോടൊപ്പമായിരുന്നു താമസം. നന്ദിനി ജോലിക്ക് പോയ ശേഷം കളിക്കുകയായിരുന്ന ദുര്‍ഗേഷ് നിലത്തു നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍ മുത്തശ്ശി നാഗലക്ഷ്മി അടിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ബിസ്‌കറ്റിന്റെ കവര്‍ വായില്‍ തിരുകി തൊട്ടിലില്‍ കിടത്തി. പിന്നീട് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് മരിച്ചതായി മനസിലായി.
തുടര്‍ന്ന് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നന്ദിനി ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്നപ്പോള്‍ കുഞ്ഞ് തൊട്ടിലില്‍ ചലനമറ്റ് കിടക്കുന്നത് കണ്ടു. ഉടന്‍തന്നെ സായിബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോള്‍ കുട്ടി നേരത്തേ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മൃതദേഹ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് മുറിവുകളും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പിന്നാലെ പൊലീസ് നന്ദിനിയെയും നാഗലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോഴാണ് നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്. വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകിക്കയറ്റിയതിനാല്‍ കുഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്ന് പൊലീസ് അറിയിച്ചു. ആര്‍എസ് പുരം പൊലീസെത്തി മൃതദേഹം സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.