ന്യൂഡെല്‍ഹി: (www.kvartha.com 16.09.2021) ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറായി കഴിഞ്ഞു. സെപ്റ്റംബര്‍ 17 വെള്ളിയാഴ്ചയാണ് മോദിയുടെ പിറന്നാള്‍. രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍, റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെ നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കാനാണ് ബി ജെ പി തയാറെടുക്കുന്നത്.
പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കാനുള്ള തുടക്കം കുറിക്കുന്നത് വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ ചിരാതുകള്‍ തെളിയിച്ചുകൊണ്ടാണ്. കൂടാതെ 14 കോടി സൗജന്യ റേഷന്‍ കിറ്റും വിതരണം ചെയ്യാന്‍ ബി ജെ പി പദ്ധതിയിടുന്നുണ്ട്. റേഷന്‍ കിറ്റുകള്‍ക്ക് പുറത്ത് 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്തിരിക്കും. ഇതിന് പുറമെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 5 കോടി പോസ്റ്റ് കാര്‍ഡുകളും അയക്കും.
ഗുജറാത്തിലെ വട്നഗര്‍ എന്ന ചെറു പട്ടണത്തില്‍ 1950 സെപ്റ്റംബര്‍ 17 നായിരുന്നു നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ജനനം. ജീവിതത്തിന്റെ ആദ്യ ഘട്ടം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ അതില്‍നിന്ന് അദ്ദേഹം കഠിനാധ്വാനത്തിന്റെ മഹത്വം പഠിച്ചു. ഒപ്പം സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഈ അനുഭവങ്ങളാണ് സാധാരണക്കാരെയും രാഷ്ട്രത്തെയും സേവിക്കാന്‍ സ്വയം സമര്‍പിക്കാന്‍ ചെറുപ്പത്തിലെ അദ്ദേഹത്തിന് പ്രചോദനമായത്.
രാഷ്ട്ര പുനര്‍ നിര്‍മാണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദിയെ കൊണ്ടെത്തിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘത്തിലേക്കായിരുന്നു. പിന്നീട് ഭാരതീയ ജനത പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം ഇതിനിടെ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടി. പ്രസംഗ ചാതുര്യം കൊണ്ട് പൊതുജനങ്ങളെ കൈയിലെടുക്കാനുള്ള വൈദഗ്ധ്യവും പ്രധാനമന്ത്രിക്കുണ്ട്.