ഹരിയാനയില്‍ 'അജ്ഞാത പനി' പടരുന്നു: 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപോര്‍ട്, 44 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയില്‍
Sep 15, 2021, 20:27 IST
ചണ്ഡിഗഡ്: (www.kvartha.com 15.09.2021) ഹരിയാനയില്‍ ജനങ്ങളെ ആശങ്കയിലാക്കി 'അജ്ഞാത പനി' പടരുന്നു. പനി ബാധിച്ച് 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപോര്‍ട്. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് പനി പടരുന്നത്.
ഏകദേശം 44 പേര്‍ പനി ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. മരിച്ച കുട്ടികളുടെ മരണകാരണം എന്താണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല.
ഡെങ്കി ബോധവല്‍കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരില്‍ ഡെങ്കി, മലേറിയ, കോവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്. പ്ലേറ്റ് ലെറ്റ് കുറവാണ് പ്രധാനമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കാണുന്ന ലക്ഷണങ്ങളില്‍ ഒന്ന്.
'പനി ബാധിച്ച് കുഞ്ഞുങ്ങള്‍ മരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. മരുന്ന് വിതരണം നടത്തുന്നു. വീടുകളില്‍ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്' പല്‍വാല്‍ ജില്ല സീനിയര്‍ മെഡികല്‍ ഓഫിസര്‍ വിജയ് കുമാര്‍ പറയുന്നു.
അതേസമയം കുട്ടികള്‍ക്ക് മലിനജലം വിതരണം ചെയ്യുന്നത് മൂലമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ സംശയം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.