മുംബൈ: (www.kvartha.com 25.09.2021) മകളുടെ മൃതദേഹം പിതാവ് തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നദിക്ക് കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയതോടെയാണ് പിതാവിന് സ്വന്തം മകളുടെ മൃതദേഹം തോളില്‍ ചുമക്കേണ്ടി വന്നതെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലാണ് കരളലിയിക്കുന്ന സംഭവം നടന്നത്.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മകള്‍ ജീവനൊടുക്കിയതിനാല്‍ മൃതദേഹം ഉമാപൂര്‍ ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണമെന്ന വിവരം പിതാവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചെങ്കിലും തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ വാഹനം ഗ്രാമത്തിലേക്കെത്തിക്കാനായില്ല.
തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാനായി പൊലീസ് കാളവണ്ടി ഏര്‍പാട് ചെയ്തിരുന്നുവെങ്കിലും നദിയിലൂടെ കാള മറുവശത്തേക്ക് പോകാന്‍ തയ്യാറായില്ല. അതിനാല്‍ നദിക്കപ്പുറത്തേക്ക് വാഹനം എത്തിക്കാനുള്ള ശ്രമവും നടന്നില്ല. ഇതോടെ പിതാവ് തന്റെ മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാലം ഒലിച്ചുപോയതിന് ശേഷം പ്രദേശവാസികളെല്ലാം നദിയിലൂടെ നടന്നാണ് അപ്പുറത്തേക്ക് എത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.