കോട്ടയം: (www.kvartha.com 17.09.2021) കടുത്തുരുത്തിയില്‍ മധ്യവയസ്‌കയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്‌നമ്മയാണ് (57) മരിച്ചത്. പിന്നാലെ വിഷം അകത്ത് ചെന്ന് ഗുരുതരനിലയില്‍ ഭര്‍ത്താവ് റിട. കെ എസ് ആര്‍ ടി സി ജീവനക്കാരനായ ഭര്‍ത്താവ് ചന്ദ്രനെ(69) കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തി കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ആയാംകുടി നാലുസെന്റ് കോളനിയിലെ വീടിനുള്ളിലാണു നാടിനെ ഞെട്ടിച്ച സംഭവം. ചന്ദ്രനും ഭാര്യ രത്‌നമ്മയും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞ് വഴക്കുണ്ടായതായി മകള്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ അരുണിമ ഇരുവരെയും സമാധാനിപ്പിച്ചു. വഴക്ക് അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അരുണിമ സമീപത്തുള്ള വീട്ടിലേക്ക് പോയി. ഈ സമയം വീടിനുള്ളില്‍ കടന്ന ചന്ദ്രന്‍ മുറി പൂട്ടിയ ശേഷം ഭാര്യ രത്‌നമ്മയെ കത്തി ഉപയോഗിച്ച് പല തവണ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ രത്‌നമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അരുണിമ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും മുറി പൂട്ടിയിരുന്നതിനാല്‍ അകത്തേക്ക് കടക്കാനായില്ലെന്ന് പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ജനലിന്റെ ചില്ല് തകര്‍ത്തതോടെ, രക്തത്തില്‍ കുളിച്ച് കട്ടിലില്‍ വീണ് കിടക്കുന്ന നിലയില്‍ രത്‌നമ്മയെ കണ്ടെത്തി. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന നാട്ടുകാര്‍ ചന്ദ്രനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. പൊലീസ് സംഘമാണ് രത്‌നമ്മയെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
അപ്പോഴേക്കും രത്‌നമ്മ മരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ചന്ദ്രനെ ആദ്യം മുട്ടുചിറ എച് ജി എം ആശുപത്രിയിലും പിന്നീട് കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ചന്ദ്രന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചന്ദ്രന്‍ വിഷം കഴിക്കാന്‍ ഉപയോഗിച്ച കുപ്പിയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തു. വീടിന് പൊലീസ് കാവല്‍ ഏര്‍പെടുത്തി. പൊലീസും വിരലടയാള വിദഗ്ധരും വീട്ടില്‍ വിശദമായ പരിശോധന നടത്തും.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, വൈക്കം ഡി വൈ എസ് പി എ ജെ തോമസ്, കടുത്തുരുത്തി എസ് എച് ഒ കെ ജെ തോമസ്, എസ് ഐ ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം വഹിച്ചത്.