ശ്രവണപരിമിതര്‍ക്ക് ആശ്വാസമാകുന്ന നേട്ടം; മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയില്‍ അക്ഷരമാല


തിരുവനന്തപുരം: (www.kvartha.com 30.09.2021) ശ്രവണപരിമിതര്‍ക്ക് ആശ്വാസമാകുന്നൊരു വാര്‍ത്ത. മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയില്‍ അക്ഷരമാല തയ്യാറായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയില്‍ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗര്‍ സ്പെലിങ് - രൂപകല്പന ചെയ്തിരിക്കുന്നത്. 

സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ചേര്‍ന്നതാണ് ഏകീകൃത ആംഗ്യഭാഷാലിപി. 'നിഷി'ലെ ആംഗ്യഭാഷാവിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ അവിടുത്തെ ബധിരരായ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഫിംഗര്‍ സ്പെലിങ് രൂപകല്പന ചെയ്തിരിക്കുന്നതെന്നതും പ്രത്യേകതയാണ്. 

ഉപയോക്താക്കള്‍തന്നെ ലിപി രൂപപ്പെടുത്തുന്നത് സാധാരണമല്ല. ഏകീകൃത ഫിംഗര്‍ സ്പെലിങ് ഭാവിയില്‍ ശ്രവണപരിമിതര്‍ക്കുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്താനാണ് 'നിഷി'ന്റെ പദ്ധതി. എസ് സി ഇ ആര്‍ ടി മുഖേന ഇത് ചെയ്യാനാവുമെന്ന് അവര്‍ കരുതുന്നു.

News, Kerala, State, Thiruvananthapuram, Malayalam, Technology, Students, Education, Teachers, Malayalam has its own alphabet in sign language


ലിപിയുടെ പ്രകാശനം ബുധനാഴ്ച രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. തിരുവനന്തപുരത്ത് ഐ എം ജിയിലാണ് പ്രകാശനച്ചടങ്ങ് നടന്നത്. നിലവില്‍ വിദ്യാലയങ്ങളില്‍ ചുണ്ടുകളുടെ ചലനം നോക്കിയുള്ള രീതിയാണ് ഉപയോഗിച്ചുവരുന്നത്. സെപ്റ്റംബര്‍ അവസാനവാരം വരെ നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായാണ് ലിപി പ്രകാശനം ചെയ്തത്.

സംസ്ഥാനത്തെ ബധിര വിദ്യാലയങ്ങളിലെ അധ്യാപകരെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്രശ്നമാണ് മലയാളത്തിന് ആംഗ്യഭാഷയില്‍ അക്ഷരമാല ഇല്ലെന്നത്. ഇന്‍ഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായ അക്ഷരമാലയുണ്ട്.

വാക്കുകള്‍ എഴുതിക്കാണിക്കേണ്ടി വരുമ്പോള്‍ ശൂന്യതയിലോ കുട്ടികളുടെ കൈകളിലോ എഴുതിക്കാണിക്കും. ഇങ്ങനെ ശൂന്യതയില്‍ എഴുതിക്കാണിക്കുന്നത് മിക്കപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നു. പലയിടങ്ങളിലും സ്വന്തമായ ലിപി രൂപകല്പന ചെയ്താണ് ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഏകീകൃത ലിപി ഉപയോഗത്തില്‍ വരുന്നതോടെ പൊതുവിലുള്ള പ്രശ്നത്തിന് പരിഹാരമാവും.

Keywords: News, Kerala, State, Thiruvananthapuram, Malayalam, Technology, Students, Education, Teachers, Malayalam has its own alphabet in sign language

Post a Comment

Previous Post Next Post