കട്ടപ്പന: (www.kvartha.com 18.09.2021) ജോലിക്കിടെ പോസ്റ്റ് മറിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കട്ടപ്പന ഇലക്ട്രികല്‍ സെക്ഷന്‍ ഓഫിസിലെ വര്‍കര്‍ വലിയതോവാള പാലന്താനത്ത് പി ബി സുരേഷ് (42) ആണ് മരിച്ചത്. വൈദ്യുത പോസ്റ്റില്‍ കയറി ജോലി ചെയ്യുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.
വൈദ്യുത പോസ്റ്റിന്റെ സ്റ്റേ കമ്പി പൊട്ടിയതറിഞ്ഞത് നന്നാക്കാന്‍ എത്തയതായിരുന്നു സുരേഷ് ഉള്‍പെടെയുള്ള 5 ജീവനക്കാര്‍. ചെരിഞ്ഞിരുന്ന പോസ്റ്റ് നേരെയാക്കിയശേഷം സ്റ്റേ കമ്പി വലിച്ചുകെട്ടാന്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ച് സുരേഷ് പോസ്റ്റില്‍ കയറി. പോസ്റ്റിന് മുകളില്‍ നിന്നുകൊണ്ട് കമ്പി വലിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ പോസ്റ്റിന് ചുവട്ടിലെ മണ്ണ് ഇളകി പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് പുളിയന്‍മല-പാമ്പാടുംപാറ വഴിയിലെ നൂറേകര്‍ എസ്റ്റേറ്റ് ഭാഗത്തായിരുന്നു അപകടം.
അപകടം സംഭവിക്കുന്ന തേരത്ത് സുരക്ഷാ ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ സുരേഷിന് പോസ്റ്റില്‍ നിന്നു ചാടി മാറാന്‍ സാധിച്ചില്ല. പരുക്കേറ്റ ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
5 വര്‍ഷം മുന്‍പാണ് സുരേഷ് ജോലിയില്‍ കയറിയത്. ലൈന്‍മാന്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കെയായിരുന്നു അപകടം സംഭവിച്ചത്. സംസ്‌കാരം വീട്ടുവളപ്പില്‍. ഭാര്യ: രഞ്ജിനി. മക്കള്‍: ദേവികൃഷ്ണ, ദയകൃഷ്ണ.