തിരുവനന്തപുരം: (www.kvartha.com 14.09.2021) ഡി സി സി പുനഃസംഘടനയേത്തുടര്‍ന്ന് പാര്‍ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന കെ പി സി സി ജനറല്‍ സെക്രടറി കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. അച്ചടക്കനടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണു തീരുമാനം. തിരുവനന്തപുരം പാളയത്തെ ഹോടെലില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് ഇമെയിലായി അയച്ചെന്നും അനില്‍കുമാര്‍ അറിയിച്ചു. ഡി സി സി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം പരസ്യപ്രസ്താവന നടത്തി.
അനില്‍കുമാറിന്റെ വിശദീകരണം നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. അതിനാല്‍ കടുത്ത നടപടി ഉണ്ടായേക്കുമെന്ന റിപോര്‍ട് പുറത്തുവന്നതിന് പിന്നാലെയാണ് അനില്‍കുമാര്‍ പാര്‍ടിയില്‍നിന്ന് പുറത്തുപോകുന്നതായി അറിയിച്ചത്. അദ്ദേഹം എന്‍ സി പിയിലേക്ക് പോയേക്കുമെന്നാണ് സൂചന.