കൊച്ചിയില്‍ സുരക്ഷ ജീവനക്കാരില്‍നിന്നും തോക്ക് പിടിച്ചെടുത്ത സംഭവം; 19 യുവാക്കള്‍ അറസ്റ്റില്‍
Sep 8, 2021, 12:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കളമശ്ശേരി: (www.kvartha.com 08.09.2021) കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 19 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി. ഇവ കൈവശം വച്ചവരെയാണ് അറസ്റ്റ് ചെയ്തത്. 19 യുവാക്കളെ കളമശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ജമ്മു കശ്മീര്‍ രജൗരി സ്വദേശികളായ നീരജ് കുമാര്‍ (38), നതര്‍ സിങ് (38), ഓംകാര്‍ സിങ് (23), മുഹമ്മദ് ഹനീഫ് (41), അജയ്കുമാര്‍ (25), രാസ് പാര്‍കുമാര്‍ (39), സുരേഷ് കുമാര്‍ (46), അഞ്ചല്‍കുമാര്‍ (25), രവികുമാര്‍ (24), ഇശ്ഫാഖ് അഹ് മദ് (25), മുഹമ്മദ് ശഫീഖ് (24), നന്ദ് കുമാര്‍ (37), സുഭാഷ് ചന്ദര്‍ (45 ), നരേഷ് കുമാര്‍ (34), സഫീര്‍ അഹ് മദ് (22), ജാസ് ബിര്‍സിങ്ങ് (35 ), ബിഷാര്‍ കുമാര്‍ (21 ), മുഹമ്മദ് അശ്‌റഫ് (21 ), വിനോദ് കുമാര്‍ (39) എന്നിവരെയാണ് കളമശ്ശേരി സി ഐ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത തോക്കുകള്‍, തോക്ക് ഉപയോഗിച്ച് വന്ന 18 പേരെയും ഇവരെ ജോലിക്ക് കൊണ്ടുവന്ന വിനോദ്കുമാറിനെയും അറസ്റ്റ് ചെയ്തു. 15 ഒറ്റക്കുഴല്‍ തോക്കും 4 ഇരട്ടക്കുഴല്‍ തോക്കുകളുമാണ് പിടിച്ചെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. തോക്കുകള്‍ കൈവശം വെക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ആയുധ നിരോധന നിയമമനുസരിച്ചാണ് അറസ്റ്റ് എന്ന് സി ഐ പറഞ്ഞു.
എ ടി എമുകളില്‍ പണം നിക്ഷേപിക്കാന്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷക്കായി പോകുന്ന സെക്യൂരിറ്റി ജീവനക്കാരാണിവര്‍. തിരുവനന്തപുരം കരമനയില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും ലൈസന്‍സില്ലാത്ത തോക്കുകള്‍ പിടിച്ചെടുത്തിരുന്നു.
ഇതിന്റെ പ്രധാന ഓഫീസ് കൊച്ചിയിലെ കളമശ്ശേരി കൂനംതൈ എ കെ ജി റോഡിലുള്ള സിസ്‌കോ സെക്യൂരിറ്റീസ് എന്ന സ്ഥാപനമാണെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ജീവനക്കാര്‍ താമസിക്കുന്ന സമീപത്തെ വാടകവീട്ടില്‍നിന്നും 19 തോക്കുകളും നൂറോളം തിരകളും പിടിച്ചെടുക്കുകയായിരുന്നു.
സ്വകാര്യ ഏജന്‍സികളില്‍ സുരക്ഷാ ജീവനക്കാരായി എത്തുന്നവര്‍ സ്വന്തം നിലയില്‍ തോക്കുകള്‍ സംഘടിപ്പിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.