കണ്ണൂര്‍: (www.kvartha.com 16.09.2021) കെ മീനാക്ഷി ടീചെര്‍ അന്തരിച്ചു. 87 വയസായിരുന്നു. സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യയാണ്. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവന്‍ നാടിന് വേണ്ടി സമര്‍പിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ച മീനാക്ഷി ടീചെര്‍ ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളായാണ് ജനിച്ചത്.
1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബര്‍ 23നാണ് ഇടതുമുന്നണി കണ്‍വീനറും സിപിഎം സംസ്ഥാന സെക്രടേറിയറ്റ് അംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതത്തിന് ആയുസുണ്ടായിരുന്നത്.
തീക്ഷ്ണ സമരപോരാട്ടങ്ങള്‍ നിറഞ്ഞ അഴീക്കോടന്‍ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീചെര്‍ സധൈര്യം ഒപ്പം നിന്നിരുന്നു. അഴീക്കോടന്റെ വേര്‍പാടിനുശേഷം ടീചെറുടെ ജീവിതം കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ടീചെര്‍ തനിച്ച് ഏറ്റെടുത്തു.
34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. പ്രധാന അധ്യാപികയായാണ് വിരമിച്ചത്. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
മക്കള്‍: ശോഭ, സുധ (റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍), മധു (റിട്ട. തലശേരി റൂറല്‍ ബാങ്ക്), ജ്യോതി ( ഗള്‍ഫ് ), സാനു (ദേശാഭിമാനി, കണ്ണൂര്‍ ) മരുമക്കള്‍: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂള്‍) , ആലീസ് (ഗള്‍ഫ്), എം രഞ്ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂള്‍), പരേതനായ കെ ഇ ഗംഗാധരന്‍ (മനുഷ്യാവകാശ കമിഷന്‍ അംഗം). സഹോദരങ്ങള്‍: രവീന്ദ്രന്‍ (പയ്യാമ്പലം), പരേതയായ സാവിത്രി.
മീനാക്ഷി ടീചെറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും അനുശോചനം അറിയിച്ചു. പുതിയ പല തലമുറകളിലെ വിപ്ലകാരികള്‍ക്ക് അമ്മയായിരുന്നു മീനാക്ഷി ടീചെര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധീരതയുടെ പ്രചോദന കേന്ദ്രമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കാനുള്ള മഹത്തായ ത്യാഗമായി സ്വന്തം ജീവിതത്തെ തന്നെ മാറ്റിയ ധീരതയാണ് അവരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിഷ്ഠൂരമായി വധിക്കപ്പെട്ട സഖാവ് അഴീക്കോടന്‍ രാഘവന്റെ ജീവിത സഖിയായിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതായിരുന്നു ആദ്യ ഘട്ടം.
ആ രക്തസാക്ഷി സ്മരണയില്‍ പൂര്‍ണമായും സ്വയം അര്‍പിച്ച് സി പി ഐ എമിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി സമര്‍പിക്കപ്പെട്ടതായിരുന്നു ആ ജിവിതത്തിന്റെ രണ്ടാം ഘട്ടം. ഈ ഘട്ടങ്ങളില്‍ ഉടനീളം ഈ നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പാര്‍ടിയുടെ എല്ലാ പോരാട്ടങ്ങള്‍ക്കുമൊപ്പം അവര്‍ നിലകൊണ്ടു. നിര്‍ണായക ഘട്ടങ്ങളില്‍ മാര്‍ഗ നിര്‍ദേശകമാംവിധം ഇടപെട്ടു.
സാധാരണ ആരും അന്ധാളിച്ചു നിന്നുപോകുന്ന ഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് ധീരത മനസില്‍ ഉറപ്പിച്ചുകൊണ്ട് പ്രതിസന്ധികളെ എങ്ങിനെ അതിജീവിക്കണം എന്നതിന് സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടുകയാണ് മീനാക്ഷി ടീചെര്‍ ചെയ്തത്. അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനാകെ എല്ലാ കാലത്തേക്കുമുള്ള വലിയ പാഠമാണ്.
വ്യക്തിപരമായി ടീചെറുടെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത് കനത്ത നഷ്ടമാണ്. രാഷ്ട്രീയമായും അത് അപരിഹാര്യമായ നഷ്ടമാണ്. മുതിര്‍ന്ന ഒരു കുടുംബാംഗം വിട്ടുപോയതിന്റെ ദുഃഖമാണ് അനുഭവിക്കുന്നത്. സി പി ഐ എമിലെ മിക്കവാറും എല്ലാവര്‍ക്കും തന്നെ സമാനമായ നിലയിലുള്ള ദുഃഖമായിരിക്കും ഉണ്ടാവുക എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രചോദനത്തിന്റെയും സമാശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ നിറഞ്ഞതായിരുന്നു മീനാക്ഷി ടീചെറുടെ ജീവിതം. അത് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഉള്‍കൊള്ളുക എന്നതാണ് അവര്‍ക്കു നല്‍കാവുന്ന വലിയ ആദരാജ്ഞലി എന്നും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ടീചെര്‍ ഏവര്‍ക്കും സ്നേഹനിധിയായ അമ്മയെന്നായിരുന്നു അനുശോചന സന്ദേശത്തില്‍ കോടിയേരി പറഞ്ഞത്. ധീര രക്തസാക്ഷി സഖാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീചെറുടെ വേര്‍പാട് ഏവരേയും ദു.ഖിപ്പിക്കുന്നതാണെന്ന് പറഞ്ഞ കോടിയേരി സ്നേഹ നിധിയായ അമ്മയായാണ് എല്ലാവരും ടീചെറെ കണ്ടിരുന്നതെന്നും അറിയിച്ചു.
അവരോട് സംസാരിച്ച സന്ദര്‍ഭങ്ങളിലെല്ലാം പുതിയ ഊര്‍ജമാണ് ലഭിച്ചത്. ഒന്നിന് മുന്നിലും പതറാത്ത ധീരവനിതയായിരുന്നു. നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരരക്തസാക്ഷിയുടെ ഭാര്യ എന്ന നിലയിലുള്ള എല്ലാ അന്തസും കാത്ത് സൂക്ഷിച്ചാണ് അവര്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചത്. ടീചെറുടെ ദേഹ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Keywords: K Meenakshi teacher passes away; Chief Minister and Kodiyeri Balakrishnan condolences to Azhikode Raghavan's wife, Kannur, News, Dead, Obituary, Pinarayi vijayan, CPM, Kodiyeri Balakrishnan, Kerala.