കൊച്ചി: (www.kvartha.com 19.09.2021) 2015ല്‍ പുറത്തിറങ്ങിയ 'ഉറുമ്പുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക് പുനര്‍നിര്‍മിക്കുന്നു. ജിജു അശോകന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. സംവിധായകന്‍ ജിജു അശോകന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കോമെഡി ത്രിലെര്‍ ജോണറില്‍പ്പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍കുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തി തകര്‍ത്തഭിനയിച്ച ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല. കലാഭവന്‍ ഷാജോണ്‍, അനന്യ, സുധീര്‍ കരമന, അജു വര്‍ഗീസ്, ഇന്നസെന്റ്, ശ്രീജിത് രവി, സുനില്‍ സുഖദ, മുസ്തഫ, വനിത കൃഷ്ണചന്ദ്രന്‍, ജാനകി കൃഷ്ണന്‍, തെസ്നി ഖാന്‍ എന്നിവരും സഹതാരങ്ങളായെത്തി.
ഈ ചിത്രത്തിന്റെ രമിഴ് അഭിനേതാക്കള്‍, ക്രൂ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് പ്രൊഡക്ഷന്‍ ടീം അറിയിച്ചു. ഈ വര്‍ഷവാസനത്തോടെ ഗന്ധര്‍വ്വന്‍ കോട്ടൈ, ആള്‍വാര്‍ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നീ ലൊകേഷനുകളിലായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം തമിഴ് പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.
ദേവ് മോഹന്‍ നായകനാകുന്ന 'പുള്ളി' എന്ന മലയാള ചലച്ചിത്രം ആണ് ജിജു അശോകന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. എ എ ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലവന്‍, കുശന്‍, കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ആണിത്.