റാഞ്ചി: (www.kvartha.com 23.09.2021) ധന്‍ബാദിലെ ജില്ലാ ജഡ്ജിയുടെ മരണത്തില്‍ സി ബി ഐ റിപോര്‍ട് സമര്‍പിച്ചു. ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകമെന്ന് സി ബി ഐ കണ്ടെത്തല്‍. പ്രതികള്‍ മനഃപൂര്‍വം ജഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് ജാർഖണ്ഡ് ഹൈകോടതിയില്‍ സമര്‍പിച്ച റിപോര്‍ടില്‍ സി ബി ഐ വ്യക്തമാക്കുന്നു.
പ്രാഥമിക പരിശോധനയിലും കുറ്റകൃത്യം പുനര്‍സൃഷ്ടിച്ചതില്‍ നിന്നും മനഃപൂര്‍വം വാഹനം ഇടിച്ചതാണെന്ന് വ്യക്തമായി. പ്രദേശത്തെ സി സി ടി വി ക്യാമറകളും പരിശോധിച്ചെന്ന് സി ബി ഐ പറഞ്ഞു. ഫോറന്‍സിക് റിപോര്‍ടും ലഭ്യമായ തെളിവുകളും കൂട്ടിയിണക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. നാല് ടീമുകളായി ചേര്‍ന്നാണ് ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കുന്നതെന്നും സി ബി ഐ കോടതിയില്‍ നിലപാടറിയിച്ചു. കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രഭാത സവാരിക്കിടെ ജില്ലാ ജഡ്ജിയായ ഉത്തം ആനന്ദ് ജഡ്ജി ഓടോയിടിച്ച് മരിച്ചത്. ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചൗകില്‍വച്ച് ജഡ്ജിയെ വാഹനമിടിച്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.