Follow KVARTHA on Google news Follow Us!
ad

മോന്‍സണ്‍ ആരുടെയെങ്കിലും ബിനാമിയോ? 18 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടും അകൗണ്ടുകള്‍ ശൂന്യം

Is Monson someone's benami? Accounts are empty despite the fraud of crores#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചേര്‍ത്തല: (www.kvartha.com 30.09.2021) കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ പലവിധത്തിലുള്ള സംശയങ്ങളാണ് പുറത്തു വരുന്നത്. അതിനുള്ള  പ്രധാന കാരണം, 18 കോടിയോളം വരുന്ന പുരാവസ്തു തട്ടിപ്പ് നടത്തി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോന്‍സണ്‍ മാവുങ്കിലിന്റെ അകൗണ്ടുകള്‍ ഏറെ കൂറെ ശൂന്യം എന്നതാണ്. 

വിശദമായ പരിശോധന നടത്തിയെങ്കിലും വീട്ടില്‍ നിന്നും പണമൊന്നും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ 18 കോടിയിലേറെ പണം തട്ടിയ മോന്‍സണിന്റെ പണം എവിടെപ്പോയി എന്ന സംശയമാണ് ഉയരുന്നത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ മോന്‍സണ്‍ ആരുടെയെങ്കിലും ബിനാമിയാണോ എന്ന സംശയവും ഉയരുന്നുണ്ട്. 

അതേസമയം തന്ത്രപരമായി നാട്ടിലെ ഉന്നതരായ പ്രമുഖരെ മാത്രം ഒന്നടങ്കം പറ്റിച്ചിരിക്കുന്ന മോന്‍സണ് കയ്യില്‍ കിട്ടിയ കോടികള്‍ ഒളിപ്പിക്കാനാണോ പ്രയാസം. അതിവിദഗ്ധമായി തന്നെ എല്ലാ പണവും ഇയാള്‍ മാറ്റിയിട്ടുണ്ടാകണം എന്നാണ് സംശയം. ഒത്താശ ചെയ്യാന്‍ പൊലീസിലെ ഉന്നതര്‍ ഉള്ളത് കൊണ്ട് തന്നെ പല പല ആരോപണങ്ങള്‍ ഉന്നയിച്ച് കേസ് വഴിതിരിച്ച് വിടാനും സാധ്യതയുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനായ ശ്രീവത്സം ഗ്രൂപിന്റെ പരാതിയിന്‍ മേലാണ് മോന്‍സണ്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ശ്രീവത്സം ഗ്രൂപില്‍ നിന്ന് മോന്‍സണ്‍ തട്ടിയത് 6.27 കോടി രൂപയാണ്. പത്തനംതിട്ട സ്വദേശി രാജീവില്‍ നിന്ന് 1.62 കോടിയും. ഇതിനു പുറമേ കോഴിക്കോട് സ്വദേശി യാക്കൂബില്‍ നിന്നുള്‍പെടെ ആറുപേരില്‍ നിന്ന് തട്ടിയത് 10 കോടി രൂപയോളവും. ഇങ്ങനെ പരാതി വന്നത് മാത്രം 18 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേയാണ് വിദേശനിര്‍മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികള്‍.

പക്ഷേ, ഈ തുകയൊക്കെ എവിടെ പോയെന്ന് ക്രൈം ബ്രാഞ്ചിന് സൂചന പോലും ലഭിച്ചിട്ടില്ല. വിദേശനിര്‍മിത കാറില്‍ നോടെണ്ണല്‍ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാള്‍ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റല്‍ ഇടപാടുകളോ നടന്നാല്‍ രേഖയാവും എന്നതാവാം ഒരുപക്ഷേ ഇതിന്റെ കാരണം.

മോന്‍സണുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക ഉയര്‍ന്ന നിലയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും. അത് മാത്രമല്ല മലയാള ചലചിത്ര രംഗത്തെ പ്രമുഖരുമായും അടുത്ത ബന്ധമാണ് മോന്‍സണ് ഉള്ളത്. ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത് കേരളത്തിലെ പ്രമുഖരുടെയൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചുകൊണ്ടാണ്. സ്വകാര്യ മ്യൂസിയം സന്ദര്‍ശിക്കുന്ന എല്ലാം പ്രമുഖരുടെ കൂടെ നിന്ന് ഫോടോ എടുക്കുന്നതും മറ്റും ഇയാളുടെ ഹോബിയായിരുന്നു. കൂടാതെ ഡോക്ടര്‍ ആണെന്ന് അവകാശപ്പെട്ടിരുന്ന മോന്‍സന്റെ വിദ്യാഭ്യാസ രേഖകള്‍ പോലും വ്യാജമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ ബിനാമിയെന്ന് സംശയമുയരുന്നു. കോടിക്കണക്കിന് രൂപ മോന്‍സണിലൂടെ കൈമറിഞ്ഞതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ, ഇവര്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയോ എന്നീ കാര്യങ്ങളിലും വരുംദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. വ്യാജ രേഖകള്‍ എങ്ങനെയുണ്ടാക്കി, പുരാവസ്തുക്കള്‍ എവിടെനിന്ന് എത്തിച്ചു, സാമ്പത്തിക സ്രോതസ്, തട്ടിപ്പിലൂടെ ലഭിച്ച പണം എന്തുചെയ്തു എന്നീ വിവരങ്ങളാണ് അന്വേഷണം സംഘം ചോദിച്ചറിയുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുമായാണ് സംഘം ചോദ്യം ചെയ്യലിന് തയ്യാറെടുത്തത്. എസ് പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യംചെയ്തത്. മോന്‍സന്റെ സുഹൃത്തുക്കളെയും സുരക്ഷാ ജീവനക്കാരെയും ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തു. തങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് ഇവരുടെ മൊഴി. പരാതിക്കാരില്‍ നിന്ന് ബുധനാഴ്ച ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ തേടി. ചില രേഖകള്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കലൂരിലെ വീട്ടില്‍ മോന്‍സണ്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ സംഘം എടുത്തുമാറ്റിയിട്ടുണ്ട്. വീട്ടില്‍നിന്ന് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടിലെ എസ്റ്റേറ്റ്ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി 68 ലക്ഷം രൂപ മോന്‍സണ്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ രാജീവിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
News, Police, Kerala, Alappuzha, Trending, Fraud, Technology, Business, Top-Headlines, Finance, Crime Branch, Is Monson someone's benami? Accounts are empty despite the fraud of crores



പണമിടപാട് വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോന്‍സണെ മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടും. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്ന് കഴിഞ്ഞ ദിവസം തന്നെ ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ നല്‍കിയ ഫോണ്‍രേഖ മോന്‍സണിന്റേത് തന്നൊയണോ എന്ന് സ്ഥിരീകരിക്കാന്‍ ശബ്ദപരിശോധന നടക്കുകയാണ്. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ശബ്ദശേഖരണം നടത്തുന്നത്.

മോന്‍സണ്‍ മാവുങ്കല്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. 4 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈം ബ്രാഞ്ചിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. ബാങ്ക് അകൗണ്ട് പരിശോധനയില്‍ നിന്നാണ് ക്രൈം ബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താന്‍ വാങ്ങിയിട്ടുണ്ടെന്നും മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ മോന്‍സണ്‍ ചോദ്യം ചെയ്യലില്‍ നിഷേധിച്ചു. 10 കോടി രൂപ താന്‍ ആരില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മോന്‍സണ്‍ ആവര്‍ത്തിച്ചു. നാല് കോടിയിലെ വിഹിതം ആഡംബര ജീവിതത്തിനായി ഉപയോഗിക്കാനും ബാക്കി തുക പുരാവസ്തുക്കള്‍ വാങ്ങാനും വിനിയോഗിച്ചതായി മോന്‍സണ്‍ സമ്മതിച്ചു. പുരാവസ്തുക്കള്‍ കാണിച്ച് നടത്തിയ തട്ടിപ്പില്‍ മോന്‍സണെതിരെ വഞ്ചനാക്കുറ്റവും ക്രൈം ബ്രാഞ്ച് ചുമത്തിയേക്കും.

അതിനിടെ, മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധന നടത്തും. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: News, Police, Kerala, Alappuzha, Trending, Fraud, Technology, Business, Top-Headlines, Finance, Crime Branch, Is Monson someone's benami? Accounts are empty despite the fraud of crores

Post a Comment