തിരുവനന്തപുരം: (www.kvartha.com 18.09.2021) അസഹ്യമായ വയറുവേദനയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയായ 23 കാരിക്ക് സര്‍കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചെന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 3 സര്‍കാര്‍ ആശുപത്രികളില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. 3 ആഴ്ചയ്ക്കകം റിപോര്‍ട് സമര്‍പിക്കാന്‍ മനുഷ്യാവകാശ കമിഷന്‍ കൊല്ലം ഡി എം ഒയ്ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന വിവരം കണ്ടെത്താതിരിക്കുകയും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി, മരിച്ച കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പ് വെള്ളിയാഴ്ച തന്നെ അന്വേഷണം ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു.
പാരിപ്പള്ളി കുളമട കഴുത്തുംമൂട്ടില്‍ താമസിക്കുന്ന കല്ലുവാതുക്കല്‍ പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയെ (23) 3 സര്‍കാര്‍ ആശുപത്രികളില്‍ നിന്നു തിരിച്ചയച്ചുവെന്ന സംഭവത്തില്‍ ജില്ലാ മെഡികല്‍ ഓഫിസര്‍ ആര്‍ ശ്രീലതയോട് റിപോര്‍ട് ആവശ്യപ്പെടുകയും ചെയ്തു.
പരവൂര്‍ നെടുങ്ങോലം രാമ റാവു മെമോറിയല്‍ താലൂക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. യുവതി ചികിത്സ തേടിയെത്തിയ ഈ 3 ആശുപത്രികളിലും ഡി എം ഒ റിപോര്‍ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത് (ആര്‍ സി എച്) ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡി എം ഒ പറഞ്ഞു.
ആശുപത്രികളുടെ ഭാഗത്ത് നിന്ന് ക്രൂരമായ അവഗണനയാണ് ഉണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര ചികില്‍സ തേടി നെടുങ്ങോലം ആശുപത്രിയില്‍ എത്തിയത്. 13 ന് എസ്എടിയില്‍ എത്തി. പ്രശ്‌നമില്ലെന്ന് പറഞ്ഞ് ആശുപത്രികളില്‍ നിന്ന് തിരിച്ചയച്ചു. 15 ന് പാരിപ്പള്ളി മെഡികല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ യുവതി ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.
മീര ഇപ്പോള്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. ഹബീബ് നസിം പറഞ്ഞു. 2 ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും.