പോര്‍ട് എലിസബത്ത്: (www.kvartha.com 20.09.2021) ദക്ഷിണാഫ്രികയില്‍ പെന്‍ഗ്വിനുകള്‍ തേനീച്ചകളുടെ കുത്തേറ്റ് ചത്തതായി റിപോര്‍ട്. കേപ് ടൗണിന് പുറത്തുളള ബീചിലാണ് സംഭവം. 62 ആഫ്രികന്‍ പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നതായാണ് വിവരം. പെന്‍ഗ്വിനുകളുടെ ശരീരത്തില്‍ നിരവധി തവണ തേനീച്ചകളുടെ കുത്തേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ് മോര്‍ടെത്തില്‍ വ്യക്തമായി.
വംശനാശം നേരിടുന്ന പെന്‍ഗ്വിനുകളെ കേപ് ടൗണിന് സമീപത്തുള്ള സൈമണ്‍സ് ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു ദേശീയ പാര്‍കിന്റെ ഭാഗമായ ഇവിടെ കേപ് തേനീച്ചകളും ഏറെയുണ്ട്. പെന്‍ഗ്വിനുകളുടെ ശരീരം പോസ്റ്റ് മോര്‍ടെം നടത്തി. സാംപിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയയ്ക്കും.
സതേണ്‍ ആഫ്രികന്‍ ഫൗന്‍ഡേഷന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്സ് എന്ന സംഘടനയാണ് പെന്‍ഗ്വിനുകള്‍ ചത്ത കാര്യം അറിയിച്ചത്. പരിശോധനകള്‍ക്കൊടുവില്‍ പെന്‍ഗ്വിനുകളുടെ കണ്ണിന് ചുറ്റും തേനീച്ചകളെ കണ്ടെത്തിയതായി സംഘടനയില്‍ അംഗമായ ഡേവിഡ് റോബര്‍ട്സ് അറിയിച്ചു.
തീര്‍ത്തും അപൂര്‍വമായ കാര്യമാണിതെന്നും ഇത്തരത്തില്‍ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് ചത്ത തേനീച്ചകളെ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.