ബീഡ്: (www.kvartha.com 26.09.2021) ഭാര്യയേയും രണ്ട് വയസുള്ള മകളേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതായി പൊലീസ്. അല്ലബഖ്ശ് അഹമ്മദ് ശെയ്ക് (28) ആണ് ഭാര്യ ശബ്‌നത്തെയും (22), മകള്‍ അശ്ഫിയയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പര്‍ലിയിലെ സിര്‍സല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.
പര്‍ബാനിയിലെ ഒരു വിവാഹത്തില്‍ കുടുംബം എത്താത്തതിനെ തുടര്‍ന്ന് ബന്ധുകള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇവര്‍ എത്തുമ്പോള്‍ വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അസ്വാഭാവികത തോന്നിയതിനാല്‍ ബന്ധുക്കള്‍ വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അല്ലബഖ്ശിനെ തൂങ്ങിയ നിലയിലും ഭാര്യയേയും മകളേയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തി.
കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി സിര്‍സല പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടെത്തിന് അയച്ചതായും കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പര്‍ലി ടൗണിലെ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു അല്ലബഖ്ശ്.