ഞാന്‍ നാളെ പാകിസ്ഥാനിലേക്ക് പോകുന്നു, ആരാണ് എന്നോടൊപ്പം വരുന്നത്? ക്രിസ് ഗെയില്‍

 



കിങ്സ്റ്റണ്‍: (www.kvartha.com 19.09.2021) മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ നാടകീയ രംഗങ്ങളുമായി ന്യൂസിലന്‍ഡ് ക്രികെറ്റ് ടീം പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി വെസ്റ്റിന്‍ഡീസ് താരങ്ങള്‍. ക്രിസ് ഗെയില്‍, മുന്‍ വെസ്റ്റിന്‍ഡീസ് നായകന്‍ ഡാരന്‍ സമ്മി അടക്കമുള്ളവര്‍ ന്യൂസിലന്‍ഡിനെതിരെ രംഗത്തെത്തി. 

'ഞാന്‍ നാളെ പാകിസ്താനിലേക്ക് പോകുകയാണ്. ആരൊക്കെ കൂടെയുണ്ട്' -എന്നാണ് ക്രിസ് ഗെയ്ല്‍ ട്വീറ്റ് ചെയ്തത്. സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂസിലന്‍ഡ് പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയത്. ന്യൂസിലന്‍ഡിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സമ്മിയും രംഗത്തെത്തി. 6 വര്‍ഷമായി പാകിസ്താനില്‍ വളരെ സന്തോഷത്തോടെയാണ് ക്രികെറ്റ് കളിച്ചതെന്നും എപ്പോഴും താന്‍ സുരക്ഷിതമായിരുന്നെന്നും സമ്മി പറഞ്ഞു.

ഞാന്‍ നാളെ പാകിസ്ഥാനിലേക്ക് പോകുന്നു, ആരാണ് എന്നോടൊപ്പം വരുന്നത്? ക്രിസ് ഗെയില്‍


3 ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളും അടങ്ങുന്ന ലിമിറ്റഡ് ഓവെര്‍ പരമ്പരക്കായാണ് ന്യൂസിലന്‍ഡ് ടീം പാകിസ്താനിലെത്തിയത്. റാവല്‍പിണ്ടിയിലെ ആദ്യ ഏകദിന മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് ന്യൂസിലന്‍ഡ് ടീം പരമ്പരയില്‍നിന്ന് പിന്മാറിയത്. 

ന്യൂസിലന്‍ഡ് സര്‍കാര്‍ നല്‍കിയ മുന്നറിയിപ്പനുസരിച്ചാണ് പിന്മാറുന്നതെന്നും എത്രയും വേഗം തങ്ങളുടെ ടീം പാകിസ്താന്‍ വിടുമെന്നുമാണ് ന്യൂസിലന്‍ഡ് ക്രികെറ്റ് ബോര്‍ഡ് വിശദീകരിക്കുന്നത്. ന്യൂസിലന്‍ഡിന്റെ തീരുമാനത്തിനെതിരെ ശുഐബ് അക്തര്‍, ഇന്‍സമാമുല്‍ ഹഖ്, റമീസ് രാജ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ക്രികെറ്റ് ടീം പാകിസ്താനിലെത്തിയത്. 3 ഏകദിനങ്ങളും 5 ട്വന്റി 20 യും അടക്കമുള്ള 8 മത്സരങ്ങള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 3വരെ റാവല്‍പിണ്ടിയിലും ലാഹോറിലുമായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കളി നടത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുകയും ഇരുടീമുകളും പരിശീലനം നടത്തുകയും ചെയ്തതുമാണ്. ഇതിനിടെയാണ് നാടകീയമായി പിന്‍മാറിയത്.

ഞങ്ങളുടെ കളിക്കാരുടെ സുരക്ഷ ഞങ്ങള്‍ക്ക് ഏറെ പ്രധാനമാണ്. അതുകൊണ്ട് പരമ്പരയില്‍നിന്ന് പിന്മാറുകയല്ലാതെ വേറേ വഴിയില്ലെന്ന് ന്യൂസിലന്‍ഡ് ക്രികെറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂടിവ് ഡേവിഡ് വൈറ്റ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍, എന്തു സുരക്ഷ പ്രശ്‌നമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.


Keywords:  News, World, International, Sports, Player, Cricket, Cricket Test, Trending, Pakistan, Social Media, 'I'm going to Pakistan tomorrow': Chris Gayle lifts Pakistani fans' spirits
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia