പാറയിടുക്കില്‍ ഒളിപ്പിച്ച നിലയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ കണ്ടെത്തിയതായി വനംവകുപ്പ്
Sep 24, 2021, 11:07 IST
ഇടുക്കി: (www.kvartha.com 24.09.2021) ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ കണ്ടെത്തിയതായി വനംവകുപ്പ്. വണ്ടിപ്പെരിയാറിന് സമീപം ഗ്രാമ്പിയില്‍ പാറയിടുക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ആനക്കൊമ്പുകള്‍ കണ്ടെത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു.
വണ്ടിപ്പെരിയാറിനടുത്തെ ഗ്രാമ്പിക്കൊക്ക എന്നറിയപ്പെടുന്ന ഭാഗത്തെ വനത്തിനുള്ളില്‍ ആനക്കൊമ്പുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. എരുമേലി റേഞ്ചിന്റെ കീഴിലുള്ള മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയില്‍ നിന്നാണ് കൊമ്പുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ ഊരിയെടുത്തതാകാമെന്നാണ് വനം വകുപ്പ് കരുതുന്നത്. അതിനാല്‍ ആന ചെരിഞ്ഞതെങ്ങനെയെന്നും അവശിഷ്ടങ്ങളും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വരും ദിവസങ്ങളില്‍ തെരച്ചില്‍ നടത്തും. ആനക്കൊമ്പുകള്‍ വില്‍പനക്കായി ഇവിടെ സൂക്ഷിച്ചതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
വനം ഇന്റലിജന്‍സ്, ഫ്ലയിംഗ് സ്‌ക്വാഡ്, മുറിഞ്ഞപുഴ സെക്ഷന്‍ വനപാലകര്‍ എന്നിവര്‍ ചേര്‍ന്നാണ് വനത്തിനുള്ളില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയത്. 91 ഉം 79 സെന്റീമീറ്റര്‍ നീളമുള്ളവയാണിത്. പതിനൊന്നു കിലോയോളം തൂക്കം വരും. ഇടുക്കിയില്‍ ഈ വര്‍ഷം മാത്രം പിടികൂടുന്ന നാലാമത്തെ ആനക്കൊമ്പ് കേസാണിത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.