കൊച്ചി: (www.kvartha.com 17.09.2021) വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയെന്ന കേസില്‍ സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സെസി സേവ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് കോടതി നടപടി. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല. വഞ്ചനാകുറ്റം ചുമത്തിയതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് സെസി സേവ്യറുടെ വാദം. മനപൂര്‍വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തുവാന്‍ തക്ക തെളിവുകളൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും വാദിച്ചു എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് കോടതി നടപടി. ജാമ്യാപേക്ഷ വേഗം പരിഗണിക്കണം എന്ന ആവശ്യം ഇവര്‍ ഹൈകോടതിക്ക് മുമ്പാകെ വച്ചിരുന്നു.
നിയമപഠനം പൂര്‍ത്തിയാക്കാതെ ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തു. മറ്റൊരാളുടെ നമ്പര്‍ ഉപയോഗിച്ച് അംഗത്വം നേടിയെന്നും ആരോപണമുണ്ട്. കോടതി നിര്‍ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. സെസിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് സര്‍കാര്‍ നിലപാട് വ്യക്തമാക്കിയത്.
ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവര്‍ ജയിച്ചിരുന്നു. അതിന് പുറമേ അഭിഭാഷക വേഷത്തില്‍ ലീഗല്‍ സെര്‍വീസ് അതോറിറ്റിയില്‍ ഉള്‍പെടെ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ അഭിഭാഷക കമിഷനുകളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗ്യത ഇല്ലാത്ത ഒരാള്‍ നല്‍കിയ റിപോര്‍ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇവര്‍ ആലപ്പുഴ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയിരുന്നെങ്കിലും ആള്‍മാറാട്ടവും വഞ്ചനയും ഉള്‍പെടെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ചുമത്തിയത് വ്യക്തമായതിനെ തുടര്‍ന്ന് കോടതി വളപ്പില്‍ നിന്ന് സിനിമാസ്റ്റൈലില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.