തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഒറ്റയാള്‍ സമരം നടത്തിയിരുന്ന സുജേഷിന്റെ തിരോധാനം ഏറെ ചര്‍ച്ചയായിരുന്നു. ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയതിന് സുജേഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സുജേഷ് വീട്ടില്‍ തിരിച്ചെത്തിയത്. യാത്ര പോയതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം. ശനിയാഴ്ച ഉച്ചയോടെയാണ് സുജേഷിനെ കാണാതായത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് സുജേഷിന്റെ സഹോദരന്റെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതോടെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ടിയുടെ എതിര്‍പ്പ് അവഗണിച്ചു കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ സുജേഷ് നടത്തിയ ഒറ്റയാള്‍ സമരത്തിലൂടെയാണു ബാങ്ക് വായ്പാതട്ടിപ്പ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതു പാര്‍ടിവിരുദ്ധ പ്രവര്‍ത്തനമായി വിലയിരുത്തി ഒന്നര മാസം മുന്‍പാണ് സുജേഷിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്നു പൊറത്തിശേരി സൗത് ലോകെല്‍ കമിറ്റി പുറത്താക്കിയത്. വിശദീകരണം പോലും തേടാതെയായിരുന്നു സുജേഷിനെതിരെയുള്ള ഈ നടപടി. ഇതിലൊന്നും തെല്ലും ഭയമില്ലാതെ തുടര്‍ന്നും സുജേഷ് തട്ടിപ്പിനെതിരെ നിയമപോരാട്ടം തുടര്‍ന്നു. തട്ടിപ്പിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് അടക്കം പരാതികള്‍ നല്‍കി.
ഇതോടെ സുജേഷിനെതിരെ പലവട്ടം വധഭീഷണിയുണ്ടായി. പൊലീസിനു പരാതി നല്‍കുകയും ചെയ്തു. ശനിയാഴ്ച രാവിലെ സഹോദരന്റെ വീട്ടില്‍നിന്നു കാറില്‍ തൃശൂരിലേക്കു പുറപ്പെട്ട സുജേഷ് തിരിച്ചു വീട്ടിലെത്താത്തതിനെ തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്. തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറാണു സുജേഷ്. ബാങ്ക് തട്ടിപ്പിനെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷമായി സുജേഷ് പാര്‍ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
Keywords: Former CPM branch secretary came back home, Thrissur, News, Politics, Cheating, Bank, Corruption, Missing, Complaint, Police, Kerala.