തിരുവനന്തപുരം: (www.kvartha.com 20.09.2021) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ ഏഴു വരെയുള്ള സേവാ സമര്‍പണ്‍ അഭിയാന്റെ ഭാഗമായി ബിജെപിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബൂതുകളില്‍ നിന്നും പ്രധാനമന്ത്രിക്ക് ആശംസാ കാര്‍ഡുകള്‍ അയച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരൂര്‍ പോസ്റ്റോഫീസില്‍ ആശംസാ സന്ദേശം അയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
നരേന്ദ്രമോദി സര്‍കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളത് കൊണ്ടാണ് കേരളത്തില്‍ പട്ടിണി മരണങ്ങളില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പെടുത്താന്‍ സമ്മതിക്കാത്ത സംസ്ഥാന സര്‍കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഒരു വശത്ത് ഇന്ധനവില കുറയ്ക്കാന്‍ സമരം ചെയ്യുന്നവര്‍ മറുവശത്ത് ഇന്ധനവില കുറയ്ക്കുന്നതിനെതിരെ നിലപാടെടുക്കുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
പ്രമുഖ വ്യക്തികളും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമടക്കം ആയിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിക്ക് ആശംസകളയച്ചത്. ഒക്ടോബര്‍ ഏഴു വരെ ആശംസാ സന്ദേശം അയക്കുന്നത് തുടരും. സൗജന്യവാക്‌സിനും നിരവധി ജനക്ഷേമ പദ്ധതികള്‍ക്കും നന്ദി അര്‍പിച്ചും ജന്മദിന ആശംസകള്‍ നേര്‍ന്നുമാണ് ജനങ്ങള്‍ പ്രധാനമന്ത്രിക്ക് ആശംസകളയക്കുന്നത്.
തൊഴിലുറപ്പ് ദിനങ്ങള്‍ വര്‍ധിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചു. കണ്ണൂരില്‍ പികെ കൃഷ്ണദാസ്, കാസര്‍കോട് എപി അബ്ദുല്ലക്കുട്ടി, കോഴിക്കോട് എംടി രമേശ്, പാലക്കാട് സി കൃഷ്ണകുമാര്‍, എറണാകുളം ഡോ.കെ എസ് രാധാകൃഷ്ണന്‍, പത്തനംതിട്ട പി സുധീര്‍, കൊല്ലത്ത് ജോര്‍ജ് കുര്യന്‍, തിരുവനന്തപുരത്ത് ന്യൂനപക്ഷമോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ ഡോ.എം അബ്ദുള്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Flow of greeting cards to Prime Minister Narendra Modi, Thiruvananthapuram, News, Prime Minister, Narendra Modi, Birthday Celebration, Message, Kerala.