സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതി; കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; ഒപ്പം സമാന്തര ഓണ്‍ലൈന്‍ ക്ലാസുകളും

 


തിരുവനന്തപുരം: (www.kvartha.com 19.09.2021) സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ക്ലാസുകള്‍ ക്രമീകരിക്കുകയെന്നും സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. സാനിറ്റൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കും. ബസില്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പെടുത്തും. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതി; കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; ഒപ്പം സമാന്തര ഓണ്‍ലൈന്‍ ക്ലാസുകളും

കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമര്‍പിക്കുക. നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറക്കുന്നതെങ്കിലും ഒക്ടോബര്‍ 15ന് മുന്‍പായി വിശദമായ റിപോര്‍ട് മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന് മുന്നോടിയായി ആരോഗ്യ വിദഗ്ധര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ വരെയുള്ളത് കണക്കിലെടുത്താണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത്. അധ്യാപക സംഘടനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് മുഖ്യമന്ത്രി സ്‌കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചതെന്നും മറിച്ചുള്ള റിപോര്‍ടുകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Kerala to reopen schools for classes 1 to 7 from Nov 1, Thiruvananthapuram, News, Education, School, Students, Health, Health and Fitness, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia