ദുബൈ: (www.kvartha.com 19.09.2021) പിതാവിന് താത്പര്യമുള്ള കോഴ്‌സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് കൗമാരക്കാരന്‍. 17 കാരന്റെ പരാതി ലഭിച്ച ഉടന്‍തന്നെ ദുബൈ പൊലീസ് നടപടിയുമെടുത്തു. ദുബൈ പൊലീസിന്റെ ചൈല്‍ഡ് ആന്‍ഡ് വുമണ്‍ പ്രൊടക്ഷന്‍ ടീം, രാജ്യത്തെ കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരമാണ് നടപടിയെടുത്തത്. പരാതിയ്ക്ക് പിന്നാലെ കൗമാരക്കാരന് തന്റെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും അത് പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുട്ടിയെ പിതാവ് പഠിച്ച അതേ കോളജില്‍ അതേ കോഴ്‌സിനുതന്നെ ചേര്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന് താത്പര്യം. പിതാവ് ചെയ്യുന്ന ജോലിയിലും അദ്ദേഹത്തിന് സമൂഹത്തിലുള്ള നിലയിലും വിലയിലുമൊക്കെ അഭിമാനമുണ്ടെങ്കിലും ആ കോഴ്‌സ് പഠിക്കാനുള്ള മാര്‍ക് തനിക്ക് ലഭിച്ചില്ലെന്ന് മകന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ കൂടി സ്‌കൂള്‍ പരീക്ഷയെഴുതി ഉന്നത ഗ്രേഡ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ താത്പര്യം. ഇതിനെതിരെയാണ് 17കാരന്‍ തങ്ങളെ അമ്മയോടൊപ്പം സമീപിച്ചതെന്ന് ശിശു സംരക്ഷണ വിഭാഗം മേധാവി മാഇത മുഹ് മദ് അല്‍ ബലൂശി പറഞ്ഞു.
അധികൃതര്‍ പിതാവുമായി ബന്ധപ്പെടുകയും കുട്ടിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല ജീവിതത്തിലെ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പിതാവിന്റെ താത്പര്യങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിക്കണമെന്ന് കുട്ടിയെയും ഉപദേശിച്ചു. രണ്ട് പേരും സംസാരിച്ച് ഒടുവില്‍ മകന്റെ ഇഷ്ടത്തിന് തന്നെ കാര്യങ്ങള്‍ വിട്ടുകൊടുക്കാന്‍ പിതാവ് തയ്യാറായതായി അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിക്കപ്പെടുന്ന കേസുകളില്‍ മറ്റ് നിയമനടപടികളൊന്നും എടുക്കാറില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.