മുംബൈ: (www.kvartha.com 24.09.2021) ഡോംബിവ്‌ലിയില്‍ 15കാരി കൂട്ടബലാത്സംഗത്തിനിരയായെന്ന കേസില്‍ 26 പേര്‍ അറസ്റ്റില്‍. പ്രതികളായ ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ആകെ 33 പേര്‍ക്കെതിരെയാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത 2 പേരെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനുവരി 29നും ഈ മാസം 22നും മധ്യേ പലവട്ടം പ്രതികള്‍ മാറിമാറിയും കൂട്ടംചേര്‍ന്നും പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ബന്ധുവിനോട് പറഞ്ഞത്. ഇതോടെയാണ് കുടുംബാംഗങ്ങള്‍ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടെ കാമുകനടക്കമുള്ള യുവാക്കളുടെ സംഘം അഞ്ച് തവണ കൂട്ടപീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
പീഡിപ്പിച്ച 33 യുവാക്കളുടെ പേരുകളും പെണ്‍കുട്ടി പൊലീസിന് നല്‍കിയിരുന്നു. ലൈംഗിക പീഡനം, കൂട്ടപീഡനം, തുടര്‍ച്ചയായ പീഡനം, പോക്‌സോ എന്നിവയടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
'പെണ്‍കുട്ടിയുടെ കാമുകനാണ് ജനുവരിയില്‍ ആദ്യം പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ യുവാവ് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി തുടര്‍ന്ന് പലവട്ടം പീഡിപ്പിക്കുകയായിരുന്നു. പിന്നീട്, കാമുകന്റെ സുഹൃത്തുക്കളും പരിചയക്കാരും ചേര്‍ന്ന് അഞ്ചു തവണ കൂട്ടപീഡനത്തിന് ഇരയാക്കി. ഡോംബിവ്ലി, ബദലാപുര്‍, മൂര്‍ബാദ്, റബാളെ എന്നിവിടങ്ങളില്‍ വച്ചായിരുന്നു ഇത്' - പൊലീസ് പറഞ്ഞു.