തിരുവനന്തപുരം: (www.kvartha.com 14.09.2021) വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വാക്സിന്‍ എടുത്തിട്ടില്ലാത്ത കോളജ് വിദ്യാര്‍ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍കാര്‍. അതിനായി മതിയായ വാക്സിന്‍ ലഭ്യമാക്കേണ്ടതാണ്. ഇനിയും വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ എത്രയും വേഗം വാക്സിന്‍ എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനിടെ സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിന്‍ വിവിധ ജില്ലകളിലെത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (90,51,085) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്സിന്‍ നല്‍കാനായി.
കോവിഡ് വാക്സിനുകള്‍ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ ഒരു ഡോസ് കോവിഡ് വാക്സിനെടുത്ത ആറു ശതമാനം പേരും രണ്ട് ഡോസും എടുത്ത 3.6 ശതമാനം പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അണുബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.
Keywords: Department of Health warns students gets vaccinated, Thiruvananthapuram, News, Health, Health and Fitness, Health Minister, Students, Warning, Kerala.