ന്യൂഡെല്‍ഹി: (www.kvartha.com 23.09.2021) മധ്യവയസ്‌ക്ക ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയതായി പൊലീസ്. മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയിലെ നേഹ വര്‍മ(52)യാണ് മരിച്ചത്. അവസാനമായി ഭര്‍ത്താവിന് മെസേജയച്ചിന് പിന്നാലെയാണ് 52കാരിയുടെ മരണം.
ജോലിക്ക് പോയിരുന്ന ഭര്‍ത്താവ് ധരം വര്‍മ താമസസ്ഥലത്തേക്ക് കാറില്‍ എത്തികൊണ്ടിരിക്കെയാണ് നേഹ വര്‍മ ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു.
മധ്യവയസ്‌ക്ക ചാടുന്നതിന്റെ ദൃശ്യങ്ങള്‍ അപാര്‍ട്‌മെന്റിലെ സി സി ടി വി ഫൂടേജില്‍ നിന്നും ലഭ്യമായിട്ടുണ്ട്. ദൃശ്യങ്ങളും മൊബൈല്‍ ഫോണും പൊലീസ് പരിശോധിച്ചു വരികയാണ്. ജീവനൊടുക്കുന്നതിന് മുന്‍പ് നേഹ 'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' എന്ന മെസേജ് ഭര്‍ത്താവിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനോടൊപ്പമാണ് നേഹ താമസിച്ചിരുന്നത്. ജോലിയെ തുടര്‍ന്ന് മകനും മകളും അമേരികയിലാണ് താമസം. മക്കള്‍ എത്തിയാലുടന്‍ പോസ്റ്റ് മോര്‍ടെം നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.