ന്യൂഡെല്‍ഹി: (www.kvartha.com 25.09.2021) ഡെല്‍ഹിയിലെ കന്റോണ്‍മെന്റിന് സമീപം ശ്മശാനത്തില്‍ ഒമ്പതുവയസുകാരി കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചു. ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയായതിനാലാണ് ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
ശ്മശാനത്തിലെ പുരോഹിതനടക്കം നാലുപേര്‍ പ്രതിയായ കേസിലെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്ത് വന്നത്. ശ്മശാനത്തിലെ പുരോഹിതനായ രാധേ ശ്യാം, ലക്ഷ്മി നാരായന്‍, കുല്‍ദീപ് സിങ്, സലിം അഹ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. രാധേ ശ്യാമും കുല്‍ദീപും പെണ്‍കുട്ടിയുടെ മൃതദേഹം ഒരു ഹാളില്‍നിന്ന് മറ്റൊന്നിലേക്ക് ചുമന്നുകൊണ്ടുപോകുന്നത് കണ്ടതായി രണ്ടു സാക്ഷികള്‍ പറയുന്നു. അതില്‍ സംശയിക്കത്തക്ക ഒന്നുമില്ലെന്നും പറയുന്നു.
കേസിലെ നാലുപ്രതികളും തന്നോട് സഹായം ചോദിച്ചതായും അവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി പറഞ്ഞതായും മറ്റൊരു സാക്ഷിമൊഴിയിലുണ്ട്. 'എന്തുകൊണ്ടാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ഞാന്‍ ചോദിച്ചു. അവള്‍ ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണെന്ന് രാധേ ശ്യാമും കുല്‍ദീപും പറഞ്ഞു' -ഒരു സാക്ഷിമൊഴിയില്‍ പറയുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ ചിത അണക്കാന്‍ സാക്ഷികളിലൊരാളും പ്രദേശവാസികളും ചേര്‍ന്ന് ശ്രമിച്ചെങ്കിലും പൊലീസിന്റെ ലാത്തിചാര്‍ജ് നേരിടേണ്ടിവന്നുവെന്നും ഒരു സാക്ഷി പറയുന്നു. പ്രാദേശിക എസ് എച് ഒ, എ സി പി, അന്വേഷണ ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും സാക്ഷികള്‍ പറയുന്നു.
കൊലപാതകത്തിന് ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം ബലമായി ശ്മശാനത്തില്‍ ദഹിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ കൊലപാതകത്തെക്കുറിച്ച് തങ്ങളെ അറിയിച്ചതായി വെളിപ്പെടുത്തിയ രണ്ടു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. ഒരു പൊതുസാക്ഷിമൊഴിയും കുറ്റപത്രത്തില്‍ ഉള്‍പെടുന്നു. ആഗസ്റ്റ് 27ന് ഇയാള്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.
പുരാണ നങലില്‍ താമസിക്കുന്ന ദളിത് കുടുംബത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. ഇതിനുമുമ്പും പ്രതിയായ രാധേശ്യാം പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. സമീപത്തെ ശ്മശാനത്തില്‍ നിന്നും തണുത്ത വെള്ളം ശേഖരിക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബലാത്സംഗത്തിനിടെ രാധേ ശ്യാമും കുല്‍ദീപും വായും മൂക്കും അമര്‍ത്തി പൊത്തി പിടിച്ചതോടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.