ദാര്‍: (www.kvartha.com 22.09.2021) മധ്യപ്രദേശില്‍ ഒളിച്ചോടി കല്യാണം കഴിച്ച യുവ ദമ്പതികളെ ആള്‍കൂട്ടം പരസ്യമായി അവഹേളിച്ചതായി പരാതി. 21 വയസുകാരനായ ആണ്‍കുട്ടിയും 19 വയസുകാരിയായ പെണ്‍കുട്ടിയുമാണ് പരസ്യ പീഡനത്തിനിരയാകേണ്ടി വന്നത്. സെപ്റ്റംബര്‍ 12ന് ധാര്‍ ജില്ലയിലെ കുണ്ഡി ജില്ലയിലാണ് സദാചാര ഗുണ്ടായിസം നടന്നത്.
ജൂലൈയിലാണ് പെണ്‍കുട്ടി ഇഷ്ടപ്പെട്ട പുരുഷനൊപ്പം വീടുവിട്ടത്. ഗുജറാത്തിലേക്ക് പോയ ഇരുവരും രണ്ടാഴ്ചയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പരസ്യവിചാരണയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കഴുത്തില്‍ ടയര്‍ തൂക്കി പരസ്യമായി നൃത്തം ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യന്‍ മീഡിയയില്‍ വൈറലായി.
ഇവര്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് 13 വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും നൃത്തം ചെയ്യിപ്പിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നൃത്തം ചെയ്യുന്നതിനിടെ അക്രമി സംഘം കമിതാക്കളെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്നവര്‍ ഉള്‍പെടെ ചുറ്റം കൂടിയിരുന്ന എല്ലാവരും ചിരിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവഹേളിക്കുന്ന സങ്കടകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.