ന്യൂഡെല്‍ഹി: (www.kvartha.com 18.09.2021) നിരന്തര പരിശ്രമത്തില്‍ അവസാനം ആ 9-ാം ക്ലാസുകാരന്‍ വിജയത്തിലെത്തി. ഇലക്ട്രിക് സൈകിള്‍ നിര്‍മിക്കാനുള്ള ശ്രമമാണ് പൂവണിഞ്ഞത്. റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍കൊണ്ട് പുതിയൊരു ഇലക്ട്രിക് ബൈകാണ് ഈ മിടുക്കന്‍ നിര്‍മിച്ചത്. ഡെല്‍ഹി സുഭാഷ്‌നഗറിലെ സര്‍വോദയ ബാലവിദ്യാലയത്തിലെ രാജന്‍(15) ആണ് ഇ വി ബൈക് നിര്‍മിച്ചത്.
കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് രാജന്‍ മെകാനികുകള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ബൈക് നിര്‍മാണം പഠിക്കുകയും ചെയ്തു. 'എന്റെ താമസസ്ഥലത്തിനടുത്തുള്ള മോടോര്‍ ഷോപില്‍ പോയി സാങ്കേതിക കാര്യങ്ങളെപറ്റി ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു'-രാജന്‍ പറഞ്ഞു.
ഇ-ബൈക് ഉണ്ടാക്കുന്ന കാര്യത്തില്‍ അവന്‍ എന്നോട് കള്ളം പറഞ്ഞിരുന്നു. ഒരു ബൈക് റീസൈകിള്‍ ചെയ്യാന്‍ സ്‌കൂളില്‍ നിന്ന് അസൈന്‍മെന്റ് ലഭിച്ചെന്ന് കള്ളം പറഞ്ഞാണ് അവന്‍ ഇ-ബൈക് ഉണ്ടാക്കിയതെന്ന് പിതാവ് ദശരഥ് ശര്‍മ്മ എ എന്‍ ഐയോട് പറഞ്ഞു. കുട്ടിക്കാലം മുതല്‍ രാജന് ഇലക്ട്രോണിക് സാധനങ്ങള്‍ ഉപയോഗിച്ച് കളിക്കാന്‍ ഇഷ്ടമായിരുന്നെന്നും പിതാവ് വെളിപ്പെടുത്തി.
'എനിക്ക് വാഹനം നിര്‍മിക്കാന്‍ കഴിയില്ലെന്ന് എന്റെ പിതാവിന് ആശങ്കയുണ്ടായിരുന്നു. പക്ഷേ അമ്മ പൂര്‍ണമായും പിന്തുണ നല്‍കിയിരുന്നു'-രാജന്‍ കൂട്ടിച്ചേര്‍ത്തു.
'വെല്‍ഡിങ്ങിനിടെ പലതവണ അവന് പരിക്കേറ്റിരുന്നു. ജോലിത്തിരക്ക് കാരണം പ്രൊജക്റ്റില്‍ അവനെ സഹായിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. മുഴുവന്‍ സമയവും അവന്‍ തനിച്ചായിരുന്നു. സര്‍കാര്‍ ആവശ്യമായ പിന്തുണ നല്‍കിയാല്‍ അവന് രാജ്യത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'-ദശരഥ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പുതിയ ബൈക്കിന് പണമായിട്ട് 45,000 രൂപ മാത്രമേ ചിലവായുള്ളു എന്ന് കുട്ടി പറയുന്നു. വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ മൂന്ന് മാസവും വാഹനം അസംബ്ലി ചെയ്യാന്‍ 3 ദിവസവുമാണ് എടുത്തത്.
അതേസമയം ഇതിനുമുന്‍പ് ഒരു ഇലക്ട്രിക് സൈകിള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല. സൈകിളിന്റെ സ്പീഡ് കണ്‍ട്രോള്‍ യൂണിറ്റ് നിര്‍മിക്കുന്നതില്‍ പരാജയപ്പെടുകയും അന്ന് ആ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ രാജന് അപകടം പറ്റുകയും പരിക്കേല്‍കുകയും ചെയ്തിരുന്നു.